പഹല്‍ഗാമിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ആക്രമണത്തിന്റെ പേരാണ് ഓപ്പറേഷന്‍ സിന്ദൂര്‍ . തിരിച്ചടി വിവരം പങ്കുവെച്ച് ഇന്ത്യന്‍ സൈന്യം പങ്കുവെച്ച പോസ്റ്റിലും ചിതറിത്തെറിച്ച സിന്ദൂരത്തിന്റെ ചിത്രമാണുള്ളത്. പഹല്‍ഗാമിലെ താഴ്‌വരയില്‍ കണ്‍മുന്നില്‍ രക്തം പൊടിഞ്ഞ് ജീവന്‍വെടിയേണ്ടി വന്നവരുടെ ഭാര്യമാർക്കുള്ള ആദരം കൂടിയാണ് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേര്.
വിവാഹിതരായ ഹിന്ദു സ്ത്രീകള്‍ സീമന്തരേഖയില്‍ ചാര്‍ത്തുന്ന ചുവന്ന തിലകമാണ് സിന്ദൂരം. ഭര്‍ത്താവിന്റെ ആയുരാരോഗ്യത്തിന്റേയും വിവാഹജീവിതത്തിന്റെ ഐശ്വര്യത്തിന്റേയും പ്രതീകമായാണ് ഇന്ത്യൻ സ്ത്രീകൾ ആ ചുവന്നപൊട്ടിനെ കണക്കാക്കുന്നത്. പരമ്പരാഗതമായും സാംസ്‌കാരികമായും ഈ ചുവന്ന തിലകത്തിന് പ്രാധാന്യമുണ്ട്.
പഹല്‍ഗാം ഭീകരാക്രമണത്തിലെ കണ്ണീര്‍കാഴ്ചയായിരുന്നു ആറ് ദിവസം മുന്‍പ് മാത്രം വിവാഹിതയായ ഹിമാന്‍ഷി നര്‍വാളിന്റെ ചിത്രം. മധുവിധു ആഘോഷിക്കാനായി കശ്മീരിലെത്തിയ ഇരുവരുടേയും വിധി മറ്റൊന്നായിരുന്നു. ഭര്‍ത്താവും നേവി ഓഫീസറുമായ ലഫ്റ്റനന്റ് വിനയ് നര്‍വാളിന്റെ മൃതദേഹത്തിനരികില്‍ കണ്ണീരോടെയിരിക്കുന്ന ഹിമാന്‍ഷിയുടെ ചിത്രം ആക്രമണത്തിന്റെ മുഖചിത്രമായി. വിനയ് നര്‍വാളിന്റെ സംസ്‌കാരചടങ്ങില്‍ സിന്ദൂരമണിയാതെ പങ്കെടുത്ത ഹിമാന്‍ഷിയേയും ഇന്ത്യ കണ്ടു.
രജ്പുത്, മറാത്ത യോദ്ധാക്കന്മാര്‍ പോരാട്ടത്തിനിറങ്ങുമ്പോള്‍ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തിയിറങ്ങുന്നതാണ് രീതി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സിന്ദൂര്‍ കൃഷി ചെയ്യുന്നത് കശ്മീരിലാണെന്നതും മറ്റൊരു കാര്യം.പഹല്‍ഗാമിന് ഉടന്‍ തിരിച്ചടിയെന്ന ഇന്ത്യന്‍ സൈന്യത്തിന്റെ ദൃഢനിശ്ചയത്തിന് പിന്നില്‍ ഹിമാന്‍ഷിയുള്‍പ്പെടെയുള്ള അനേകം വനിതകളുടെ കരഞ്ഞുകണ്ണീര്‍ വറ്റിയ മുഖം കൂടിയുണ്ട്. അവര്‍ക്കുള്ള ആദരം കൂടിയാണ് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേര്. പോരാളികളായിറങ്ങുന്നവരും നെറ്റിയില്‍ ചുവന്ന സിന്ദൂരം ചാര്‍ത്തുന്ന രീതി പരമ്പരാഗതമായി നിലനില്‍ക്കുന്നുണ്ട്.
'ഓപ്പറേഷൻ സിന്ദൂർ' എന്ന് പേരിട്ട സൈനിക ആക്രമണത്തിലൂടെ ഒരു രാത്രിയിൽ ഒമ്പത് ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യ ലക്ഷ്യം വെച്ചത്. ഈ സൈനിക നീക്കത്തിന് ഓപ്പറേഷൻ സിന്ദൂർ എന്ന പേരിട്ടതിന് പിന്നിലും വൈകാരികമായ കാരണമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈ പേര് തിരഞ്ഞെടുത്തത്.
കര- വ്യോമ-നാവിക സേനകളുടെ സംയുക്ത നീക്കമായ 'ഓപ്പറേഷൻ സിന്ദൂരി'ലൂടെയാണ് ഇന്ത്യ പാകിസ്താന് മറുപടി നൽകിയത്. ഭീകരരുടെ കേന്ദ്രങ്ങൾ കൃത്യമായി കണ്ടെത്തിയ ശേഷമായിരുന്നു സൈന്യത്തിന്റെ തിരിച്ചടി.
ജയ്ഷെ മുഹ്മദ് സ്വാധീനമേഖലയിലായിരുന്നു ആദ്യ ആക്രമണം. മസൂദ് അസറിന്റെ കേന്ദ്രവും ആക്രമിച്ചു. മുരിഡ്കയിലെ ലഷ്കർ ആസ്ഥാനവും ബഹാവൽപൂരിലെ ജയ്ഷെ ആസ്ഥാനവും ഇന്ത്യൻ സൈന്യം തകർത്തു. ആക്രമണത്തിൽ 30 ഭീകരർ കൊല്ലപ്പെട്ടെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 55 ൽ അധികം പേർക്ക് പരിക്കേറ്റുവെന്നാണ് വിവരം. മുസഫറാഫാദിലെ ഭീകരകേന്ദ്രം ഇന്ത്യ നിലംപരിശാക്കി.