സുധീഷ് ശങ്കർ ഒരുക്കി ഫഹദ് ഫാസിൽ നായകനായി വന്ന ചിത്രമാണ് മാരീസൻ. ഈ ചിത്രം കോമഡി, ത്രിൽ, വൈകാരിക മുഹൂർത്തങ്ങൾ എന്നിവക്കെല്ലാം പ്രാധാന്യം നൽകി ഗ്രാമീണ പശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു ട്രാവൽ/റോഡ് ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നത്. ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നതെങ്കിലും കളക്ഷനിൽ അത് പ്രതിഫലിക്കുന്നില്ല. ഇതുവരെ മാരീസിന് ആകെ 5.67ല കോടിയാണ് ആകെ നേടാൻ കഴിഞ്ഞിരിക്കുന്നത്. ഒടിടിയിലേക്ക് വൈകാതെ മാരീസൻ എത്തുമെന്നാണ് സിനിമാ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട്. നെറ്റ്ഫ്ലിക്സാണ് മാരീസന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.
വി കൃഷ്ണമൂർത്തി തിരക്കഥ രചിച്ച ചിത്രത്തിന്റെ എക്സികുട്ടീവ് പ്രൊഡ്യൂസർ ഇ ഫോർ എന്റർടൈൻമെന്റ് ആണ്. വി കൃഷ്ണമൂർത്തി തന്നെയാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടർ. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരി നിർമ്മിക്കുന്ന 98-ാമത് ചിത്രമാണ് മാരീസൻ. വടിവേലുവും നിർണായക കഥാപാത്രമായി ചിത്രത്തിലുണ്ട്.
ഫഹദ് ഫാസിൽ, വടിവേലു എന്നിവരുടെ ഗംഭീര പ്രകടനങ്ങളും, മനോഹാരമായ കഥാപാത്ര രൂപീകരണവും നിറഞ്ഞ ഒരു മികച്ച സിനിമാനുഭവമാണ് 'മാരീസൻ' നൽകുന്നത് എന്നാണ് ചിത്രത്തെ കുറിച്ചുള്ള അഭിപ്രായം. ചിത്രത്തിന്റെ ഇന്റർവെൽ ട്വിസ്റ്റ് പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുമെന്നും പ്രിവ്യു ഷോ കണ്ട പ്രമുഖ ട്രേഡ് അനലിസ്റ്റുകളും നിരൂപകരും പറഞ്ഞിരുന്നു. ഫഹദ് ഫാസിൽ, വടിവേലു എന്നിവരുടെ മികച്ച ഹാസ്യ രംഗങ്ങൾക്കൊപ്പം വളരെയധികം പ്രേക്ഷകരുമായി വൈകാരികമായി കണക്ട് ചെയ്യുന്ന ഒരു ചിത്രം കൂടിയാണ് ഇതെന്നാണ് പ്രീവ്യൂയിൽ നിന്ന് ലഭിച്ച പ്രതികരണം. കമൽഹാസൻ ഉൾപ്പെടെയുള്ള താരങ്ങൾ ചിത്രം കണ്ട് പ്രശംസയുമായി മുന്നോട്ട് വന്നിട്ടുണ്ട്.
സമൂഹത്തിനു മികച്ച ഒരു സന്ദേശം കൂടി നൽകുന്ന ചിത്രമാണ് ഇതെന്നും പ്രതികരണങ്ങൾ പറയുന്നു. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ചിത്രമാണ് 'മാരീസൻ' എന്നാണ് കമൽഹാസൻ അഭിപ്രായപ്പെട്ടത്. ചിത്രത്തിലെ നർമ്മത്തിന് താഴെ മനുഷ്യ വികാരങ്ങളെയും സമൂഹത്തിന്റെ ഇരുണ്ട നിഴലുകളെയും കൂടി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിക്കുന്നതിൽ ചിത്രം വിജയിച്ചിട്ടുണ്ടെന്നും കമൽഹാസൻ സൂചിപ്പിച്ചു. കാഴ്ചക്കാരൻ എന്ന നിലയിലും ഫിലിം മേക്കർ എന്ന നിലയിലും തന്നെ ഏറെ ആകർഷിച്ച ചിത്രമാണ് ഇതെന്നും അദ്ദേഹം സമൂഹ മാധ്യമത്തിൽ കുറിച്ചു.കോവൈ സരള, വിവേക് പ്രസന്ന, സിതാര, പി.എൽ. തേനപ്പൻ, ലിവിംഗ്സ്റ്റൺ, രേണുക, ശരവണ സുബ്ബയ്യ, കൃഷ്ണ, ഹരിത, ടെലിഫോൺ രാജ് തുടങ്ങിയവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്തിരിക്കുന്നു.