ക്രിക്കറ്റ് താരം കെ എല്‍ രാഹുല്‍ സ്പോണ്‍സര്‍ ചെയ്ത പത്മനാഭപുരം പത്മനാഭന്‍;റോബോട്ട് ആനയെ വടക്കേക്കാട് ക്ഷേത്രത്തില്‍ നടയിരുത്തി

07:57 AM Sep 15, 2025 |


ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ എല്‍ രാഹുല്‍ സ്പോണ്‍സര്‍ ചെയ്ത റോബോട്ടിക് ആനയെ നടയിരുത്തി. വടക്കേക്കാട് കല്ലൂര്‍ പത്മനാഭപുരം മഹാവിഷ്ണു ക്ഷേത്രത്തിലാണ് റോബോട്ടിക് ആനയെ നടയിരുത്തിയത്. ശ്രീകൃഷ്ണ ജയന്തി ദിവസമാണ് കൊമ്പനെ നടയിരുത്തിയത്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പെറ്റ എന്ന സംഘടനയാണ് ആനയെ ക്ഷേത്രത്തിലേക്ക് നടയിരുത്തിയത്. പത്മനാഭപുരം പത്മനാഭന്‍ എന്നാണ് റോബോട്ടിക് ആനയ്ക്ക് പേരിട്ടിരിക്കുന്നത്.

മൗനയോഗി സ്വാമി ഹരിനാരായണന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ക്ഷേത്രം തന്ത്രി വടക്കേടം നാരായണന്‍ നമ്പൂതിരി, ഭരണ സമിതി പ്രസിഡന്റ് മുല്ലമംഗലം നാരായണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കെ എല്‍ രാഹുല്‍ സ്പോണ്‍സര്‍ ചെയ്ത് അഞ്ച് ലക്ഷം രൂപയോളം ചെലവഴിച്ച് നിര്‍മ്മിച്ച ആനയ്ക്ക് 11 അടി ഉയരവും 800 കിലോ ഭാരവുമുണ്ട്. ഫോര്‍ ഇ ആര്‍ട്സ് ചാലക്കുടി എന്ന സ്ഥാപനം മൂന്ന് മാസത്തോളം സമയമെടുത്താണ് റോബോട്ട് ആനയെ നിര്‍മ്മിച്ചത്.