+

പദ്മരാജൻ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

പി. പദ്മരാജന്‍ ട്രസ്റ്റിന്റെ 2024ലെ ചലച്ചിത്ര, സാഹിത്യ അവാര്‍ഡുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം . മികച്ച സംവിധായകന്‍ (25000 രൂപ, ശില്‍പം, പ്രശസ്തിപത്രം), മികച്ച തിരക്കഥാകൃത്ത് (15000 രൂപ, ശില്‍പം, പ്രശസ്തിപത്രം) എന്നിവയാണ് ചലച്ചിത്ര പുരസ്‌കാരങ്ങള്‍

തിരുവനന്തപുരം: പി. പദ്മരാജന്‍ ട്രസ്റ്റിന്റെ 2024ലെ ചലച്ചിത്ര, സാഹിത്യ അവാര്‍ഡുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം . മികച്ച സംവിധായകന്‍ (25000 രൂപ, ശില്‍പം, പ്രശസ്തിപത്രം), മികച്ച തിരക്കഥാകൃത്ത് (15000 രൂപ, ശില്‍പം, പ്രശസ്തിപത്രം) എന്നിവയാണ് ചലച്ചിത്ര പുരസ്‌കാരങ്ങള്‍. 2024ല്‍ സെന്‍സര്‍ ചെയ്തതോ റിലീസ് ചെയ്തതോ ഒ.ടി.ടികളില്‍ സ്ട്രീം ചെയ്തതോ ആയ സിനിമകളാണ് പരിഗണിക്കുക. ഡിവിഡി/ഓണ്‍ലൈന്‍ ലിങ്ക് (പാസ് വേഡ് സഹിതം) ഫോര്‍മാറ്റിലാണ് അയയ്‌ക്കേണ്ടത്.

2024ല്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച രചനകളാണ് നോവല്‍ പുരസ്‌കാരത്തിന് പരിഗണിക്കുക. (20,000 രൂപ ശില്‍പം, പ്രശസ്തിപത്രം) നോവലുകളുടെ മൂന്ന് കോപ്പി അയയ്ക്കണം. 15,000 രൂപ, ശില്‍പം, പ്രശസ്തി പത്രം എന്നിവയടങ്ങുന്ന കഥാപുരസ്‌കാരത്തിന് 2024 ല്‍ മലയാള ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ചെറുകഥയുടെ മൂന്ന് പകര്‍പ്പുകളയയ്ക്കണം.

ഇതേ കാലയളവില്‍ പ്രസിദ്ധീകരിക്കപ്പെട്ട 40 വയസില്‍ താഴെയുള്ള പുതുമുഖ രചയിതാവിന്റെ ആദ്യ നോവലിന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് നല്‍കുന്ന പ്രത്യേക പുരസ്‌കാരത്തിനും അപേക്ഷിക്കാം. ശില്‍പം, പ്രശസ്തിപത്രം എന്നിവയോടൊപ്പം എയര്‍ഇന്ത്യ എക്‌സ്പ്രസ് നല്‍കുന്ന സൗജന്യ വിമാനയാത്രയുമാണ് പുരസ്‌കാരം. അവാര്‍ഡുകള്‍ പദ്മരാജന്റെ എണ്‍പതാം ജന്മവാര്‍ഷികദിവസമായ മേയ് 23ന് നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.

പ്രസാധകര്‍ക്കും വായനക്കാര്‍ക്കും രചനകള്‍ നിര്‍ദ്ദേശിക്കാം. സംവിധായകന്‍, തിരക്കഥാകൃത്ത്, നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നിവരുടെ ചെറുജീവചരിത്രക്കുറിപ്പും ഫോട്ടോയും ഒപ്പം വെയ്ക്കണം. എന്‍ട്രികള്‍ തിരിച്ചയയ്ക്കുന്നതല്ല. അപേക്ഷിക്കേണ്ട അവസാന തീയതി: 2025 ഫെബ്രുവരി 28. വിലാസം: പ്രദീപ് പനങ്ങാട്, ജനറല്‍ സെക്രട്ടറി, പി പദ്മരാജന്‍ ട്രസ്റ്റ്, വിജയശ്രീ 1(3), സി.എസ്.എം. നഗര്‍, ശാസ്തമംഗലം പി.ഒ., തിരുവനന്തപുരം- 695010 / ഫോണ്‍: 9544053111

Trending :
facebook twitter