+

പഹൽഗാം ഭീകരാക്രമണം സുരക്ഷാവീഴ്ച ; ഉത്തരവാദി അമിത് ഷായെന്ന് കോൺഗ്രസ്

പഹൽഗാം ഭീകരാക്രമണം സുരക്ഷാവീഴ്ച ; ഉത്തരവാദി അമിത് ഷായെന്ന് കോൺഗ്രസ്

ന്യൂഡൽഹി: ഏപ്രിൽ 22ന് ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണം സുരക്ഷാവീഴ്ചയാണെന്നും സംഭവത്തിന്റെ ഉത്തരവാദി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണെന്നും കോൺഗ്രസ്. ഓപറേഷൻ സിന്ദൂർ സൈന്യത്തിൻറെ സമ്പൂർണ വിജയമാണെന്നും എന്നാൽ പ്രധാനമന്ത്രി മോദി രാഷ്ട്രീയ നേതാവെന്ന നിലയിൽ പരാജയപ്പെട്ടെന്നും എ.ഐ.സി.സി എക്സ്-സർവീസ്മെൻ ഡിപാർട്ട്മെൻറ് ചെയർപേഴ്സൻ രോഹിത് ചൗധരി പറഞ്ഞു.

“ഓപറേഷൻ സിന്ദൂർ സൈന്യത്തിൻറെ സമ്പൂർണ വിജയമാണ്, എന്നാൽ മോദി ഒരു രാഷ്ട്രീയ പരാജയമാണ്. പഹൽഗാം ഭീകരാക്രമണം എങ്ങനെയുണ്ടായെന്നും ഓപറേഷൻ സിന്ദൂർ എങ്ങനെ നടപ്പാക്കിയെന്നും സർക്കാർ ജനത്തോട് വിശദീകരിക്കണം. ഭീകരർ ഓരോരുത്തരെയായി കൊന്നശേഷം സുരക്ഷിതമായി രക്ഷപെടുന്നത് ആദ്യമായി കാണുകയാണ്. ഇതൊരു വലിയ സുരക്ഷാവീഴ്ചയാണ്, ആഭ്യന്തര മന്ത്രാലയത്തിൻറെ പരാജയവും.

പാകിസ്താൻറെ ഡ്രോണുകളും മിസൈലുകളും മറ്റെല്ലാ ആക്രമണങ്ങളും നമ്മുടെ സൈന്യം ഫലപ്രദമായി പ്രതിരോധിച്ചു. വെടിനിർത്തൽ പ്രഖ്യാപിച്ചത് അമേരിക്കയാണെന്നത് നമുക്ക് നാണക്കേടാണ്. നമ്മുട സൈന്യം വ്യക്തമായ ആധിപത്യം നേടിയിരുന്നു. രാജ്യമൊന്നാകെ ഒന്നിച്ചപ്പോൾ, സർക്കാർ വെടിനിർത്തൽ പ്രഖ്യാപിച്ചു. ഇന്ദിരാ ഗാന്ധി ചെയ്തതു പോലെ ഇന്ത്യയുടെ ശക്തിയെന്തെന്ന് മോദി കാണിച്ചുകൊടുക്കണമായിരുന്നു. മധ്യസ്ഥരെ വെക്കാതെ സ്വയം തീരുമാനം സ്വീകരിക്കണം.

സൈനിക ദൗത്യത്തിന് മുമ്പ് അക്കാര്യം പാകിസ്താനെ അറിയിച്ചുവെന്ന് വിദേശകാര്യമന്ത്രി പറയുന്നു. മുഴുവൻ രാജ്യത്തെയും സൈനികരെയും പ്രതിസന്ധിയിലാക്കുന്ന നീക്കമാണത്. രഹസ്യാന്വേഷണ വിഭാഗത്തിൻറെ പരാജയത്തിൻറെയും സുരക്ഷാവീഴ്ചയുടെയും ഉത്തരവാദിത്തം അമിത് ഷാ ഏറ്റെടുക്കണം. ആക്രമണത്തിന് രണ്ടാഴ്ച മുമ്പ് അമിത് ഷാ സുരക്ഷ വിലയിരുത്തിയിരുന്നു. അന്ന് എല്ലാം നല്ലരീതിയിൽ പോകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇൻറലിജൻസ് റിപ്പോർട്ടിന് പിന്നാലെ പ്രധാനമന്ത്രി സന്ദർശനം റദ്ദാക്കി. എന്നിട്ടും മറ്റ് മുൻകരുതൽ നടപടികൾ സ്വീകരിച്ചില്ല” -രോഹിത് ചൗധരി പറഞ്ഞു.

 

facebook twitter