ന്യൂഡൽഹി: പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർ ഇപ്പോഴും ഇതേ പ്രദേശത്ത് തന്നെ തുടരുന്നുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറിയിച്ചു. 26 പേരുടെ ജീവനെടുത്ത ഭീകരർക്കായി സൈന്യവും ലോക്കൽ പോലീസ് ഉൾപ്പെടെയുള്ളവരും പ്രദേശത്ത് ശക്തമായ പരിശോധന നടത്തുന്നതിനിടയിലാണ് അവർ പ്രദേശത്ത് തന്നെ ഒളിവിൽ കഴിയുന്നുണ്ടെന്ന എൻഐഎയുടെ വെളിപ്പെടുത്തൽ വരുന്നത്.
ഒളിവിൽ കഴിയാൻ ഭക്ഷണം അടക്കമുള്ള അവശ്യസാധനങ്ങൾ ഭീകരരുടെ പക്കൽ ഉണ്ടാകാമെന്നും അതിനാൽ തന്നെ ഇവർ പ്രദേശത്തെ ഇടതൂർന്ന വനങ്ങളിൽ ഒളിച്ചിരിക്കുകയായിരിക്കുമെന്നും എൻഐഎ വൃത്തങ്ങൾ പറഞ്ഞു. ഇക്കാരണത്താലാണ് ഇവരെ കണ്ടെത്താൻ സാധിക്കാത്തതെന്നും ഏജൻസി വൃത്തങ്ങൾ കൂട്ടിച്ചേർത്തു. എൻഐഎയാണ് സംഭവത്തിൽ അന്വേഷണം നടത്തുന്നത്.