ഡൽഹി : പാകിസ്ഥാനിലെ ബഹാവൽപൂരിൽ ഉപയോഗിക്കുന്ന ഒരു ഇന്ത്യൻ സിം കാർഡുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ. പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തുന്ന സംഘത്തെ കണ്ടെത്തി. പാകിസ്ഥാന്റെ ചാര സംഘടനയായ ഐ എസ്ഐയുടെ നിർദ്ദേശപ്രകാരം പ്രവർത്തിക്കുകയായിരുന്ന നേപ്പാൾ പൗരനെ ദില്ലി പോലീസിൻ്റെ പ്രത്യേക സെൽ അറസ്റ്റ് ചെയ്തു. പ്രമോദ് കുമാർ ചൗരസ്യ എന്ന നേപ്പാൾ സ്വദേശിയെയാണ് ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. 16 ഇന്ത്യൻ സിം കാർഡുകളാണ് ഐഎസ്ഐക്ക് ഇയാൾ കൈമാറിയതെന്നാണ് കണ്ടെത്തൽ. ഈ സിം കാർഡുകൾ ബഹാ വൽപൂരിൽ ജെയ്ഷേ ഭീകരരാണ് ഉപയോഗിച്ചിരുന്നത്.
ഐഎസ്ഐ പ്രവർത്തകർക്ക് സിം കാർഡുകൾ സംഘടിപ്പിച്ച് നൽകിയപ്പോഴാണ് പ്രതിയായ പ്രഭാത് കുമാർ ചൗരസ്യ പോലീസിന്റെ നിരീക്ഷണത്തിലായത്. "മഹാരാഷ്ട്രയിലെ ലത്തൂരിൽ രജിസ്റ്റർ ചെയ്ത ആധാർ കാർഡ് ഉപയോഗിച്ച് ഇയാൾ ബിഹാർ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന് 16 സിം കാർഡുകൾ വാങ്ങിയെന്നാണ് കണ്ടെത്തൽ. ഇവ ആക്ടിവേറ്റ് ചെയ്ത ശേഷം നേപ്പാളിലെ കാഠ്മണ്ഡുവിലേക്ക് കടത്തുകയും പിന്നീട് ഐഎസ്ഐ ഏജൻ്റുമാർക്ക് കൈമാറുകയും ചെയ്തുവെന്നാണ് കണ്ടെത്തിയതെന്ന് അഡീഷണൽ കമ്മീഷണർ പ്രമോദ് സിംഗ് കുശ്വാഹ പറഞ്ഞു. ഇതിൽ 11 സിം കാർഡുകൾ പാകിസ്ഥാനിലെ ലാഹോർ, ബഹാവൽപൂർ അടക്കം സ്ഥലങ്ങളിൽ നിന്നും ചാരവൃത്തിക്കായി ഉപയോഗിക്കുന്നുവെന്നാണ് കണ്ടെത്തൽ.