ഐക്യരാഷ്ട്രസഭ: സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ പാകിസ്താനെ നിശിതമായി വിമർശിച്ച് ഇന്ത്യ. സംഘർഷ മേഖലകളിൽ സ്ത്രീകൾ നേരിടുന്ന ലൈംഗികാതിക്രമങ്ങൾ സംബന്ധിച്ച ചർച്ചയിൽ സംസാരിക്കവേ ഇന്ത്യൻ പ്രതിനിധി എൽദോസ് മാത്യു പുന്നൂസാണ് പാകിസ്താനെ കുറ്റപ്പെടുത്തിയത്. കശ്മീരികളെ ശിക്ഷിക്കാനും അപമാനിക്കാനും ലൈംഗികാതിക്രമം നടത്തുകയാണെന്ന് പാകിസ്താൻ നേരത്തെ ആരോപിച്ചിരുന്നു.
1971ൽ അന്നത്തെ കിഴക്കൻ പാകിസ്താനിൽ സ്ത്രീകൾക്കെതിരെ നടന്ന അതിക്രമങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഇന്ത്യയുടെ വിമർശനം. അങ്ങേയറ്റം ലജ്ജാകരമായ പ്രവൃത്തികളാണ് പാക് സൈന്യം നടത്തിയതെന്ന് പറഞ്ഞ ഇന്ത്യൻ പ്രതിനിധി, ഇക്കാലത്തും അത് തുടരുകയാണെന്നും കുറ്റപ്പെടുത്തി. പിന്നീട് ബംഗ്ലാദേശ് ആയി മാറിയ കിഴക്കൻ പാകിസ്താനിൽ നടന്ന കൂട്ടക്കുരുതിയും മാനഭംഗങ്ങളും പരാമർശിച്ചായിരുന്നു വിമർശനം.
തട്ടിക്കൊണ്ടുപോകലും മനുഷ്യക്കടത്തും ശൈശവ വിവാഹങ്ങളും നിർബന്ധിത വിവാഹങ്ങളും ലൈംഗികാതിക്രമങ്ങളും സ്ത്രീകളെയും പെൺകുട്ടികളെയും നിർബന്ധിത മതപരിവർത്തനം നടത്തലും അക്കാലത്ത് നിർബാധം നടന്നതായി എൽദോസ് മാത്യു പുന്നൂസ് പറഞ്ഞു. യു.എൻ മനുഷ്യാവകാശ ഹൈകമീഷണറുടെ സമീപകാല റിപ്പോർട്ടിലടക്കം ഇക്കാര്യങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ഹീനകൃത്യങ്ങൾ നടത്തിയവർ നീതിയുടെ വക്താക്കളായി ചമയുകയാണെന്നും കുറ്റപ്പെടുത്തി.