നിര്‍മാണം കഴിഞ്ഞിട്ട് മാസങ്ങള്‍ പിന്നിട്ടു, എന്നിട്ടും തൃപ്പാളൂര്‍ തൂക്കുപാലം തുറന്നില്ല

08:35 PM Feb 04, 2025 | Litty Peter

പാലക്കാട്: നിര്‍മാണം കഴിഞ്ഞിട്ട് മാസങ്ങള്‍ പിന്നിട്ടു, എന്നിട്ടും തൃപ്പാളൂര്‍ തൂക്കുപാലം തുറന്നില്ല. ഗായത്രിപ്പുഴയ്ക്കു കുറുകെ തൃപ്പാളൂര്‍ തേനാരിപറമ്പില്‍ നിന്ന് ശിവക്ഷേത്രത്തിലേക്കുള്ള തൂക്കുപാലത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞു. കഴിഞ്ഞ മാര്‍ച്ചില്‍ പാലം തുറന്നു കൊടുക്കാന്‍ കഴിഞ്ഞേക്കുമെന്ന് കെ.ഡി. പ്രസേനന്‍ എം.എല്‍.എ അറിയിച്ചിരുന്നു. എന്നാല്‍ ഒരു വര്‍ഷം പൂര്‍ത്തിയായിട്ടും പാലം തുറന്നു കൊടുത്തിട്ടില്ല.

പാലത്തിനു സമീപം സഞ്ചാരികള്‍ക്ക് ഇരിക്കാനുള്ള ഇരിപ്പിടങ്ങളും ശുചിമുറികളും ഇനിയും പണി ആരംഭിച്ചിട്ടില്ല. ഇതുവരെയുള്ള നിര്‍മാണത്തിന്റെ തുക കരാറുകാര്‍ക്ക് കിട്ടിയിട്ടുമില്ല.

ഠ പലതവണ പണി മുടങ്ങി

2021-22 ല്‍ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച പാലം അഞ്ച് കോടി വകയിരുത്തിയാണ് നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. തൂക്കുപാലത്തിനായി കോണ്‍ക്രീറ്റ് തൂണും ഉരുക്കുകമ്പി സ്ഥാപിക്കാനുള്ള ഇരുമ്പുതൂണും നിര്‍മിച്ചശേഷം ആദ്യം പണി നിര്‍ത്തിവെച്ചിരുന്നു. അന്ന് പണി പൂര്‍ത്തിയാക്കിയ ബില്ലിന്റെ തുക അനുവദിക്കുന്നതില്‍ വന്ന കാലതാമസവും നേരത്തേ തയ്യാറാക്കിയ രൂപരേഖയില്‍ മാറ്റം വരുത്തിയതുമാണ് പണിനിര്‍ത്തി വെക്കാന്‍ കാരണം.

ഇത് പരിഹരിച്ച് പുതിയ കരാറുകാരന്‍ ടെന്‍ഡര്‍ ഏറ്റെടുത്തതോടെയാണ് പണി വേഗത്തിലായത്. എന്നാല്‍ വീണ്ടും പണി പൂര്‍ത്തിയാക്കിയതിന്റെ ബില്ല് അനുവദിക്കാത്തതിനാല്‍ താല്‍ക്കാലികമായി പണി നിര്‍ത്തി വെച്ചിരിക്കയാണ്.

ഠ ലാഭം മൂന്ന് കിലോമീറ്റര്‍

പാലം യാഥാര്‍ഥ്യമായി കഴിഞ്ഞാല്‍ ചിറ്റൂര്‍, കൊടുവായൂര്‍, പല്ലാവൂര്‍ പ്രദേശങ്ങളില്‍ നിന്ന് ഭക്തജനങ്ങള്‍ക്ക് തൃപ്പാളൂര്‍ പഴയപാലത്തിലൂടെ കടന്ന് പോകാതെ ക്ഷേത്രത്തില്‍ എത്താന്‍ കഴിയും. മൂന്ന് കിലോമീറ്ററോളം ദൂരം ഇതുമൂലം ലാഭിക്കാം. ദീപാവലി വാവുത്സവത്തിനും കര്‍ക്കടക വാവുബലിക്കും പിതൃതര്‍പ്പണം നടത്താന്‍ ഒട്ടേറെ ഭക്തജനങ്ങള്‍ ഇവിടെ എത്താറുണ്ട്.

അപ്രോച്ച് റോഡിന്റെ വികസനത്തോടൊപ്പം തന്നെ ഇവിടെ 4 ഹൈമാസ്റ്റ് ലൈറ്റുകളും 10 മിനിമാസ് ലൈറ്റുകളും സ്ഥാപിക്കും. ക്ഷേത്ര കടവും വൃത്തിയാക്കും. സ്റ്റീല്‍ ഇന്‍സസ്ട്രിയല്‍സ് കേരളയ്ക്കാണ് തൂക്കുപാലത്തിന്റെ നിര്‍മാണ ചുമതല. 2022 ഏപ്രിലിലാണ് പണിതുടങ്ങിയത്.

തൃപ്പാളൂര്‍ തൂക്കുപാലം മാര്‍ച്ചില്‍ തുറന്നു കൊടുക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് കെ.ഡി. പ്രസേനന്‍ എം.എല്‍.എ പറഞ്ഞു. ടേക്ക് എ ബ്രേക്കിംഗ് കോഫി ഷോപ്പ്, ഇവിടെ എത്തുന്നവര്‍ക്ക് ഇരിക്കാനുള്ള ഇരിപ്പിടങ്ങള്‍, ശുചിമുറികള്‍ എന്നിവ അടിയന്തിരമായി പൂര്‍ത്തീകരിക്കുമെന്ന് എം.എല്‍.എ പറഞ്ഞു.

സംസ്ഥാനത്തെ പ്രധാനപ്പെട്ട ഏഴ് ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് തൃപ്പാളൂര്‍ ശിവക്ഷേത്രം. ദീപാവലി വാവുത്സവത്തിനും കര്‍ക്കടക വാവുബലിക്കും പിതൃതര്‍പ്പണം നടത്താനും ആയിരക്കണക്കിന് ഭക്തജനങ്ങള്‍ ശിവക്ഷേത്രത്തിലേക്ക് എത്താറുണ്ട്. ആലത്തൂര്‍ ചിറ്റൂര്‍ റോഡിലൂടെ തൃപ്പാളൂര്‍ തേനാരിപറമ്പില്‍ എത്തി പാലം കടന്ന് ക്ഷേത്ര കടവില്‍ കുളി കഴിഞ്ഞ് ദര്‍ശനം നടത്താനുളള എളുപ്പമാര്‍ഗമാണിത്. ആത്മീയ വിനോദ സഞ്ചാരത്തിനും തൂക്കുപാലം ഗുണം ചെയ്യും. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ബലിതര്‍പ്പണ ചടങ്ങ് ഒഴിവാക്കിയിരുന്നു.