പാലക്കാട് : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ (ഇ.വി.എം) വോട്ടെടുപ്പിന് സജ്ജമായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇ.വി.എമ്മുകളുടെ ആദ്യഘട്ട പരിശോധന പൂർത്തിയായിട്ടുണ്ട്. ജൂലൈ 25-ന് ആരംഭിച്ച ഈ പരിശോധന ഒരു മാസം കൊണ്ടാണ് പൂർത്തിയാക്കിയത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ കൈവശമുള്ള 1,37,922 ബാലറ്റ് യൂണിറ്റുകളും 50,693 കൺട്രോൾ യൂണിറ്റുകളും നിർമ്മാതാക്കളായ ഇലക്ട്രോണിക് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് പരിശോധിച്ച ശേഷം അതത് ജില്ലകളിലെ സ്ട്രോങ് റൂമുകളിൽ സൂക്ഷിച്ചിരിക്കുകയാണ്.
പാലക്കാട് ജില്ലയിൽ 12,339 ബാലറ്റ് യൂണിറ്റുകളും 4,371 കൺട്രോൾ യൂണിറ്റുകളുമാണ് ആദ്യഘട്ട പരിശോധന പൂർത്തിയാക്കി പ്രവർത്തനസജ്ജമാക്കിയത്. ഇ.വി.എം ട്രാക്ക് എന്ന സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെയാണ് ഇവയുടെ വിന്യാസം നടത്തുന്നത്. നിലവിൽ, ജില്ലാ കളക്ടറുടെ മേൽനോട്ടത്തിലാണ് ഇവ സ്ട്രോങ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്നത്.