ചിറ്റൂർ: കായികപ്രവർത്തനങ്ങളിലൂടെ വിദ്യാർഥികളെ ലഹരിയിൽനിന്ന് അകറ്റിനിർത്തുക എന്ന ലക്ഷ്യത്തോടെയുള്ള 'ടീം വിമുക്തി' സ്പോർട്സ് കിറ്റുകളുടെ വിതരണം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. ചിറ്റൂർ എക്സൈസ് റേഞ്ച് പരിധിയിലെ സ്കൂളുകൾക്കുള്ള 2025-26 സാമ്പത്തിക വർഷത്തെ കിറ്റുകളാണ് വണ്ണാമട ബി.ജി.എച്ച്.എസ് (BGHS) സ്കൂളിലെ വിദ്യാർഥികൾക്ക് കൈമാറി മന്ത്രി ഉദ്ഘാടനം ചെയ്തത്.
ലഹരി ഉൾപ്പെടെയുള്ള മോശം പ്രവണതകളിലേക്ക് വിദ്യാർഥികൾ പോകാതിരിക്കുന്നതിനും കായിക പ്രവർത്തനങ്ങളിൽ താത്പര്യം ജനിപ്പിക്കുന്നതിനും വിമുക്തി മിഷന്റെ നേതൃത്വത്തിലുള്ള 'ടീം വിമുക്തി' കായിക ടീമുകൾ സുപ്രധാന പങ്ക് വഹിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ സ്കൂളുകളിലെ ആൻ്റി നാർക്കോട്ടിക് ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് ഈ കായിക ടീമുകൾ പ്രവർത്തിക്കുന്നത്.
ചിറ്റൂർ റേഞ്ച് ഇൻസ്‌പെക്ടർ അജയ് രാജ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ജിത്ത് ബി, സിവിൽ എക്സൈസ് ഓഫീസർമാരായ പുഷ്കരൻ കെ, അഭിലാഷ് കെ, പ്രസാദ് കെ, കണ്ണദാസൻ എന്നിവരും പി.ടി.എ അംഗങ്ങൾ, പൂർവവിദ്യാർത്ഥികൾ, ജനപ്രതിനിധികൾ, അദ്ധ്യാപകർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.