
പാലക്കാട് :വീടിന് മുൻപിൽ നിർത്തിയിട്ട ബൈക്ക് കത്തി നശിച്ച നിലയിൽ. കിഴക്കഞ്ചേരിയിലാണ് സംഭവം. കിഴക്കഞ്ചേരി പുത്തൻവീട് വേലപ്പന്റെ ഉടമസ്ഥതയിലുള്ള ബൈക്കാണ് കത്തി നശിച്ചത്. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ സംഭവം ഉണ്ടായത്. പ്രദേശത്ത് ഇന്നലെ രാത്രി ഉത്സവം നടന്നിരുന്നതിനാൽ ധാരാളം ആളുകൾ വീടിനു മുൻവശത്തുണ്ടായിരുന്നതായി കുടുംബം പറഞ്ഞു.
ബൈക്ക് പൂർണമായും കത്തിനശിച്ച നിലയിലാണ്. അടുത്ത മറ്റ് വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. ഇന്ന് പുലർച്ചെ ആഘോഷം കഴിഞ്ഞ് മടങ്ങുന്നവരാണ് ബൈക്ക് കത്തിക്കൊണ്ടിരിക്കുന്ന വിവരം വീട്ടുകാരെ അറിയിച്ചത്. സംഭവത്തിന് പിന്നിൽ സാമൂഹ്യവിരുദ്ധരാണെന്നാണ് വീട്ടുകാർ സംശയിക്കുന്നത്. വടക്കഞ്ചേരി പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു.