ന്യൂഡല്‍ഹി: രാജ്യത്താകമാനം തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബിജെപി വ്യാജ വോട്ടര്‍മാരെ ചേര്‍ത്തെന്ന ആരോപണം ഉയര്‍ന്നുവരവെ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്റെ ഭര്‍ത്താവും പൊളിറ്റിക്കല്‍ ഇക്കണോമിസ്റ്റുമായ പരകാല പ്രഭാകറുടെ മുന്‍ പരാമര്‍ശം വീണ്ടും ചര്‍ച്ചയാവുകയാണ്.
പരകാല പ്രഭാകര്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ (ബിജെപി) ഭരണത്തിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ ഭാര്യ യൂണിയന്‍ ധനമന്ത്രിയാണെങ്കിലും, പ്രഭാകര്‍ രാഷ്ട്രീയ വിഷയങ്ങളില്‍ സ്വതന്ത്ര നിലപാടുകള്‍ സ്വീകരിക്കാറുണ്ട്.
പ്രഭാകറിന്റെ അന്നത്തെ പ്രധാന ആരോപണം, ബിജെപി 79 ലോക്സഭാ സീറ്റുകളില്‍ ഫലങ്ങള്‍ കൃത്രിമമായി മാറ്റിയെടുത്തു എന്നതാണ്. ഇത് മൂന്നാം തവണയും അധികാരത്തിലെത്താന്‍ സഹായിച്ചുവെന്ന് അദ്ദേഹം വാദിക്കുന്നു. വോട്ട് ഫോര്‍ ഡെമോക്രസി എന്ന സംഘടനയുടെ പഠനത്തെ ഉദ്ധരിച്ചാണ് ഈ ആരോപണം ഉന്നയിച്ചത്.
ഏഴ് ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പില്‍, പോള്‍ ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മിലുള്ള വ്യത്യാസം വിവാദമായപ്പോഴാണ് അദ്ദേഹം ഇത്തരമൊരു നിരീക്ഷണം നടത്തിയത്തിയത്. 2024 ലെ തെരഞ്ഞെടുപ്പിലെ വോട്ടുവ്യത്യാസം 12.5 ശതമാനത്തോളം എത്തിയെന്നും, ചരിത്രപരമായി ഇത് 1 ശതമാനത്തിന് താഴെയായിരുന്നുവെന്നും പ്രഭാകര്‍ ചൂണ്ടിക്കാട്ടുന്നു. ഏകദേശം 5 കോടി അധിക വോട്ടുകള്‍ എണ്ണപ്പെട്ടുവെന്നാണ് കണക്ക്, പ്രത്യേകിച്ച് ഒഡീഷയിലും ആന്ധ്രപ്രദേശിലും.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ (ഇസിഐ) പങ്കിനെക്കുറിച്ചാണ് അദ്ദേഹത്തിന്റെ മറ്റൊരു പ്രധാന വിമര്‍ശനം. മോഡല്‍ കോഡ് ഓഫ് കണ്ടക്ടിന്റെ ആവര്‍ത്തിച്ചുള്ള ലംഘനങ്ങളില്‍ കമ്മീഷന്‍ നടപടി എടുത്തില്ലെന്ന് പ്രഭാകര്‍ ആരോപിച്ചു. രണ്ടാം ഘട്ട പോളിങ്ങിന്റെ അന്തിമ വോട്ടിങ് ശതമാനം പ്രഖ്യാപിക്കാതിരുന്നത് ഉദാഹരണമായി ചൂണ്ടിക്കാട്ടുകയും ചെയ്തു. ഫോം 17സി പോലുള്ള രേഖകള്‍ പ്രസിദ്ധീകരിക്കാത്തതും, തിരഞ്ഞെടുപ്പ് ഘട്ടങ്ങള്‍ പ്രധാനമന്ത്രിയുടെയും ഭരണകക്ഷിയുടെയും സൗകര്യത്തിനനുസരിച്ച് നിശ്ചയിക്കുന്നതും ബിജെപിക്ക് അനുകൂലമായ ബയസ് സൂചിപ്പിക്കുന്നുവെന്ന് അദ്ദേഹം പറയുകയുണ്ടായി.
മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും നടന്ന തിരഞ്ഞെടുപ്പുകളിലെ വോട്ടര്‍ ടേണ്‍ഔട്ടിലെ അസ്വാഭാവിക വര്‍ധനയും പ്രഭാകര്‍ അന്നുതന്നെ ചൂണ്ടിക്കാട്ടിയിരുന്നു. പോളിങ് അവസാനിച്ച ശേഷം ടേണ്‍ഔട്ട് 7.83 ശതമാനം വര്‍ധിച്ചത് ഗണിതപരമായി അസാധ്യമാണെന്നാണ് അദ്ദേഹത്തിന്റെ വാദം.
ഇലക്ടറല്‍ ബോണ്ടുകളെ 'ലോകത്തിലെ ഏറ്റവും വലിയ അഴിമതി' എന്ന് വിശേഷിപ്പിച്ച വ്യക്തിയാണ് പരകാല പ്രഭാകര്‍. ഇത് ബിജെപിക്ക് തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പ്രവചിച്ചിരുന്നു.