ന്യൂഡല്‍ഹി: രാജ്യമെങ്ങുമുള്ള യാത്രക്കാരെ പിഴിഞ്ഞ് റെയില്‍വെ സഹസ്രകോടികളുടെ ലാഭമുണ്ടാക്കുന്നു എന്ന ആരോപണങ്ങള്‍ക്കിടെ ഏറ്റവും പുതിയ കണക്കും പുറത്തുവന്നു. 2025ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ റെയില്‍വേയുടെ മൊത്തം വരുമാനം 2.62 ലക്ഷം കോടി രൂപയിലെത്തി.
യാത്രക്കാരെ കൊണ്ടുപോകുന്നതിലൂടെയുള്ള വരുമാനം 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 70,693 കോടി രൂപയില്‍ നിന്ന് 75,000 കോടി രൂപയിലധികം ഉയര്‍ന്നു. അതേസമയം, കുംഭമേളയിലൂടെ യാത്രക്കാരുടെ എണ്ണം വര്‍ദ്ധിച്ചിട്ടും, ബജറ്റില്‍ യാത്രക്കാരുടെ വരുമാനം ലക്ഷ്യമിട്ട 80,000 കോടി രൂപ കൈവരിക്കാന്‍ കഴിഞ്ഞില്ല.
2020 സാമ്പത്തിക വര്‍ഷം മുതല്‍ ചരക്ക് വരുമാനം ഏകദേശം 48.29 ശതമാനം വര്‍ധിച്ച് 54,800 കോടി രൂപയിലധികമായപ്പോള്‍, യാത്രക്കാരുടെ വരുമാനം ഏകദേശം 40 ശതമാനമാണ് വര്‍ധിച്ചത്. ഇതിലൂടെ മാത്രം 20,024 കോടി രൂപയിലധികം റെയില്‍വേയ്ക്ക് ലഭിച്ചു.
റെയില്‍വേയുടെ ചരക്ക് വരുമാനം 2019-20 ല്‍ 1.13 ലക്ഷം കോടി രൂപയില്‍ നിന്ന് 2023-24 ല്‍ 1.68 ലക്ഷം കോടി രൂപയായി വര്‍ദ്ധിച്ചു. 54,805 കോടി രൂപയുടെ വര്‍ദ്ധനവാണുണ്ടായത്. 2019-20 മുതല്‍ 2023-24 വരെ ഇന്ത്യന്‍ റെയില്‍വേയ്ക്ക് ഫ്‌ലെക്‌സി ഫെയര്‍, തത്കാല്‍, പ്രീമിയം തത്കാല്‍ എന്നിവയിലൂടെ ലഭിച്ച വരുമാനം പാസഞ്ചര്‍ സര്‍വീസുകളില്‍ നിന്നുള്ള മൊത്തം വരുമാനത്തിന്റെ ഏകദേശം 5.7 ശതമാനമാണ്.
തിരക്കുള്ള സീസണുകളില്‍ തത്കാല്‍ പ്രീമിയം തത്കാല്‍ ഇനത്തില്‍ സാധാരണക്കാരെ കൊള്ളയടിക്കുന്ന സമീപനമാണ് റെയില്‍വേയുടേത്. ജനറല്‍ ടിക്കറ്റുകള്‍ പാതിയിലധികവും തത്കാലിലേക്ക് മാറ്റുന്നതിനാല്‍ ടിക്കറ്റെടുക്കുന്നവര്‍ക്ക് ഉയര്‍ന്ന നിരക്ക് നല്‍കുകയല്ലാതെ മറ്റു മാര്‍ഗമില്ല.
ഇന്ത്യന്‍ റെയില്‍വേ ചരക്ക് ലോഡിംഗിലും വരുമാനത്തിലും വമ്പന്‍ ലാഭമുണ്ടാക്കി. ചരക്ക് ലോഡിംഗ് വര്‍ഷം 1.61 ബില്യണ്‍ ടണ്‍ കവിഞ്ഞു. റെയില്‍വേ ശൃംഖല കൈകാര്യം ചെയ്യുന്ന ചരക്കിന്റെ കാര്യത്തില്‍ ഇന്ത്യയ്ക്ക് മുന്നിലുള്ള ഏക രാജ്യം ചൈനയാണ്. കല്‍ക്കരിയില്‍ നിന്നാണ് ചരക്ക് വരുമാനത്തിന്റെ ഭൂരിഭാഗവും.
കണ്ടെയ്‌നര്‍ നീക്കം 10% വര്‍ദ്ധിച്ച് 37.95 ദശലക്ഷം ടണ്ണായി. വര്‍ഷം 5,98,000 റേക്കുകളില്‍ ലോഡ് ചെയ്തു. മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 8% കൂടുതലാണെന്ന് റെയില്‍വേ വ്യക്തമാക്കി. പാഴ്‌സല്‍ നീക്കം ഏകദേശം 29% വര്‍ദ്ധിച്ച് 1.3 ദശലക്ഷം ടണ്ണായി.