+

പത്തനംതിട്ട പോക്‌സോ കേസ്: രണ്ടാംപ്രതിയുടെ അമ്മയിൽ നിന്ന് 8.65 ലക്ഷം തട്ടി; ഒന്നാം പ്രതിയുടെ സഹോദരന്‍ അറസ്റ്റിൽ

ചെന്നീര്‍ക്കര തോട്ടുപുറം സ്വദേശി ജോമോന്‍ മാത്യുവിനെതിരെയാണ് പരാതി ഉയര്‍ന്നത്. ഇയാളെ അറസ്റ്റ് ചെയ്തു. 

പത്തനംതിട്ട: പത്തനംതിട്ട പോക്‌സോ കേസിലെ രണ്ടാം പ്രതിയുടെ അമ്മയില്‍ നിന്ന് ഒന്നാം പ്രതിയുടെ സഹോദരന്‍ ലക്ഷങ്ങള്‍ തട്ടിയതായി പരാതി. ചെന്നീര്‍ക്കര തോട്ടുപുറം സ്വദേശി ജോമോന്‍ മാത്യുവിനെതിരെയാണ് പരാതി ഉയര്‍ന്നത്. ഇയാളെ അറസ്റ്റ് ചെയ്തു. 

കേസില്‍ ജാമ്യം ലഭിക്കുന്നതിന് ഡിവൈഎസ്പിക്കും വക്കീലിനും കൊടുക്കാനെന്ന് പറഞ്ഞാണ് കേസിലെ ഒന്നാം പ്രതിയായ ജോമി മാത്യുവിന്റെ സഹോദരന്‍ ജോമോന്‍ മാത്യു, രണ്ടാം പ്രതിയായ ഷൈനുവിന്റെ മാതാവില്‍ നിന്ന് 8.65 ലക്ഷം രൂപ തട്ടിയത്. അഭിഭാഷകന്‍ തനിക്ക് ലഭിച്ച യഥാര്‍ത്ഥ തുക വെളിപ്പെടുത്തിയതോടെയാണ് വന്‍ തട്ടിപ്പ് പുറത്തറിഞ്ഞത്. ഇതോടെ ഷൈനുവിന്റെ മാതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 

കായികതാരമായ ദളിത് പെണ്‍കുട്ടിയെ അറുപതോളം പേര്‍ പീഡിപ്പിച്ചുവെന്ന കേസില്‍ ഒന്നും രണ്ടും പ്രതികളാണ് ജോമി മാത്യുവും ഷൈനുവും. ഇരുവരും രണ്ട് മാസം മുന്‍പാണ് അറസ്റ്റിലായത്. ഇതില്‍ ഷൈനുവിന്റെ കേസ് നടത്താന്‍ ഒന്നാം പ്രതിയുടെ സഹോദരന്‍ ജോമോന്‍ മാത്യുവാണ് സഹായിച്ചിരുന്നത്. 

ഷൈനുവിന് ജാമ്യമെടുത്ത് കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് ഇയാളുടെ മാതാവില്‍ നിന്ന് ജോമോന്‍ മാത്യു പണം തട്ടുകയായിരുന്നു. അടുത്തിടെ ഷൈനുവിനും ജോജുവിനും ജാമ്യം ലഭിച്ചു. ഇതിന് പിന്നാലെ ഇരുവര്‍ക്കും വേണ്ടി ഹാജരായ അഭിഭാഷകന്‍ തനിക്ക് ലഭിച്ച യഥാര്‍ത്ഥ തുക അമ്മയോട് വെളിപ്പെടുത്തി. 

ഇതോടെ തട്ടിപ്പ് പുറത്തറിയുകയും അഭിഭാഷകന്റെ നിര്‍ദേശ പ്രകാരം ഷൈനുവിന്റെ മാതാവ് പത്തനംതിട്ട ഡിവൈഎസ്പിക്ക് പരാതി നല്‍കുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ജോമോനെതിരെ കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

facebook twitter