
പത്തനംതിട്ട: പത്തനംതിട്ടയിൽ പുരുഷ ഹോംനഴ്സ് ക്രൂരമായി മർദിച്ച 60 വയസുകാരൻ മരിച്ചു. ശശിധരൻ പിള്ള(60)യാണ് മരിച്ചത്. പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. പരുമലയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം രണ്ടുദിവസം മുൻപാണ് ശശിധരൻ പിള്ളയെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഏപ്രിലിലാണ് അൾഷിമേഴ്സ് ബാധിച്ച് കിടപ്പിലായ ശശിധരൻ പിള്ളയെ ഹോംനഴ്സ് വിഷ്ണു ക്രൂരമായി മർദിച്ചത്. വിമുക്തഭടനായ ശശിധരൻ പിള്ള കഴിഞ്ഞ കുറച്ചു നാളുകളായി രോഗം ബാധിച്ച് കിടപ്പിലായിരുന്നു. ക്രൂരമർദനത്തിന് പിന്നാലെ ശശിധരൻ പിള്ളയെ ഹോംനഴ്സ് നഗ്നനാക്കി വലിച്ചിഴയ്ക്കുകയും ചെയ്തിരുന്നു.
ശശിധരൻ പിള്ളയുടെ ഭാര്യ തഞ്ചാവൂരിലെ ജോലി സ്ഥലത്താണ്. മകളും സ്ഥലത്ത് ഇല്ല. ഇതേ തുടർന്നാണ് അൾഷിമേഴ്സ് രോഗിയായ ശശിധരൻ പിള്ളയെ പരിചരിക്കാൻ ഹോംനഴ്സായ വിഷ്ണുവിനെ നിയമിച്ചത്. വീട്ടിൽ അവശനിലയിൽ ശശിധരൻ പിള്ളയെ കണ്ടെത്തിയതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ക്രൂരത പുറത്തറിഞ്ഞത്. ഇതിന് പിന്നാലെ കൊടുമൺ പൊലീസ് പ്രതി വിഷ്ണുവിനെ അറസ്റ്റ് ചെയ്തിരുന്നു.