+

എക്‌സൈസ് സേനയിലേക്ക് 157 പേർ കൂടി

എക്‌സൈസ് സേനയിലേക്ക്  157 പേര്‍കൂടി. പരിശീലനം പൂര്‍ത്തിയാക്കിയ 84 എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരുടെയും 59 സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെയും 14 വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെയും പാസിങ് ഔട്ട് പരേഡ് തൃശ്ശൂര്‍ പൂത്തോളിലുള്ള എക്‌സൈസ് അക്കാദമിയില്‍ നടന്നു. മന്ത്രി എം.ബി. രാജേഷ് അഭിവാദ്യം സ്വീകരിച്ചു.

തൃശ്ശൂര്‍:  എക്‌സൈസ് സേനയിലേക്ക്  157 പേര്‍കൂടി. പരിശീലനം പൂര്‍ത്തിയാക്കിയ 84 എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരുടെയും 59 സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെയും 14 വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെയും പാസിങ് ഔട്ട് പരേഡ് തൃശ്ശൂര്‍ പൂത്തോളിലുള്ള എക്‌സൈസ് അക്കാദമിയില്‍ നടന്നു. മന്ത്രി എം.ബി. രാജേഷ് അഭിവാദ്യം സ്വീകരിച്ചു.

എക്‌സൈസ് അക്കാദമിയുടെ ചരിത്രത്തില്‍ത്തന്നെ ആദ്യമായാണ് ഇത്രയും ഇന്‍സ്‌പെക്ടര്‍മാര്‍ പരിശീലനം പൂര്‍ത്തിയാക്കി ചുമതലയേല്‍ക്കുന്നത്. ഏറ്റവും കൂടുതല്‍ വനിതകള്‍ പരിശീലനം പൂര്‍ത്തിയാക്കി ഇറങ്ങുന്നതും ഇത്തവണയാണ്. 84 ഓഫീസര്‍മാരില്‍ 14 പേര്‍ വനിതകളാണ്. അതിനു പുറമേയാണ് 14 വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാര്‍. ആകെ 28 വനിതകള്‍ പരിശീലനം പൂര്‍ത്തിയാക്കി സേനയുടെ ഭാഗമായി മാറി.

എക്‌സൈസ്സേന വലിയ വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തിലാണ് ഇത്രയുംപേര്‍ പരിശീലനം പൂര്‍ത്തിയാക്കി ഇറങ്ങുന്നത്. ആ വെല്ലുവിളികള്‍ക്കനുസരിച്ച് ഉയര്‍ന്ന് പ്രവര്‍ത്തിക്കാനും ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിറവേറ്റാനും സേനയ്ക്ക് കഴിയുന്നുവെന്ന് എല്ലാവരും അംഗീകരിക്കുകയുംകൂടി ചെയ്യുന്ന സന്ദര്‍ഭമാണിതെന്ന് മന്ത്രി പാസിങ്ഔട്ട് പരേഡിനു ശേഷം നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. എക്‌സൈസ് സേനയ്ക്ക് ഈ വെല്ലുവിളികളെ നേരിടാന്‍ കാര്യക്ഷമമായി നേതൃത്വം കൊടുത്ത എക്‌സൈസ് കമ്മിഷണര്‍ എഡിജിപി മഹിപാല്‍ യാദവിനെ മന്ത്രി അഭിനന്ദിച്ചു.

പരിശീലനത്തിന്റെ വിവിധ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സേനാംഗങ്ങള്‍ക്ക് മന്ത്രി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. പരേഡില്‍ എക്‌സൈസ് കമ്മിഷണര്‍ മഹിപാല്‍ യാദവ്, എക്‌സൈസ് അക്കാദമി ഡയറക്ടര്‍ കെ. പ്രദീപ്കുമാര്‍ എന്നിവരും സല്യൂട്ട് സ്വീകരിച്ചു. ജനപ്രതിനിധികള്‍, മറ്റു വകുപ്പുകളിലെയും എക്‌സൈസ് വകുപ്പിലെയും ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Trending :
facebook twitter