പെരിയ ഇരട്ടക്കൊലപാതക കേസിലെ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ നാല് സിപിഐഎം നേതാക്കള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അപ്പീലില്‍ അന്തിമ തീരുമാനമെടുക്കുന്നത് വരെ ശിക്ഷാവിധി നടപ്പാക്കുന്നത് തടയണമെന്നും ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ട് നല്‍കിയ ഉപഹര്‍ജിയും ഇന്ന് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരും.
ഉപഹര്‍ജിയിലെ ആവശ്യം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചാല്‍ ശിക്ഷാവിധി നടപ്പാക്കുന്നതിന് വിലക്കുണ്ടാവും.
അപ്പീലില്‍ അന്തിമ തീരുമാനം എടുക്കുംവരെ ജാമ്യവും നല്‍കിയേക്കും. അഞ്ച് വര്‍ഷം വീതം തടവുശിക്ഷ ലഭിച്ച നാല് സിപിഐഎം നേതാക്കള്‍ നല്‍കിയ അപ്പീലുകളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ജസ്റ്റിസുമാരായ പിബി സുരേഷ് കുമാര്‍, ജോബിന്‍ സെബാസ്റ്റിയന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് അപ്പീലുകള്‍ പരിഗണിക്കുന്നത്. കുറ്റകൃത്യത്തെ പറ്റി അറിവുണ്ടായിട്ടും അത് തടഞ്ഞില്ല എന്ന കുറ്റത്തിനുള്ള അഞ്ചുവര്‍ഷം ശിക്ഷാവിധി ചോദ്യം ചെയ്ത് നല്‍കിയ അപ്പീലാണ് പരിഗണനയ്ക്ക് വരുന്നത്.
സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗവും ഉദുമ മുന്‍ എംഎല്‍എയുമായ കെവി കുഞ്ഞിരാമന്‍, സിപിഐഎം ഏരിയാ സെക്രട്ടറി കെ മണികണ്ഠന്‍, രാഘവന്‍ വെളുത്തേരി, എംകെ ഭാസ്‌കരന്‍ എന്നിവര്‍ നല്‍കിയ അപ്പീലുകളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.