തുടര്‍ച്ചയായി ചുമ; ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസനാളത്തില്‍ കണ്ടെത്തിയത് എല്‍ഇഡി ബള്‍ബ്

07:21 AM Jun 09, 2025 | Suchithra Sivadas

വിട്ട് മാറാത്ത ചുമയെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസനാളത്തില്‍ നിന്ന് നിന്ന് പുറത്തെടുത്തത് എല്‍ഇഡി ബള്‍ബ്. ഗുജറാത്തിലാണ് സംഭവം.

ജുനഗഡ് സ്വദേശികളായ ജുനേദ് യൂസഫ്-തബാസും ദമ്പതികളുടെ മകന്‍ മുഹമ്മദിന്റെ ശ്വാസനാളത്തില്‍ നിന്നാണ് എല്‍ഇഡി ബള്‍ബ് കണ്ടെടുത്തത്. കളിപ്പാട്ടത്തില്‍ ഉണ്ടായിരുന്ന എല്‍ഇഡി ബള്‍ബ് കുട്ടി അബദ്ധത്തില്‍ വിഴുങ്ങിയതാണെന്നാണ് കരുതുന്നത്.

രണ്ടാഴ്ചയായി മാറാതെ നിന്ന ചുമയെ തുടര്‍ന്നാണ് മാതാപിതാക്കള്‍ കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നത്. ആശുപത്രിയില്‍ നടത്തിയ ബ്രോങ്കോസ്‌കോപ്പിയിലൂടെയാണ് കുട്ടിയുടെ ശ്വാസനാളത്തില്‍ നിന്ന് എല്‍ഇഡി ബള്‍ബ് പുറത്തെടുക്കുന്നത്. കുട്ടിയുടെ ആരോഗ്യ സ്ഥിതിക്ക് നിലവില്‍ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.