
തിരുവനന്തപുരം: പിണറായി സർക്കാറിൻറെ നാലാം വാർഷികത്തോട് അനുബന്ധിച്ച് പ്രമോഷനുമായി ബന്ധപ്പെട്ട് മാധ്യമ സ്ഥാപനങ്ങൾക്കും അവരുമായി ബന്ധപ്പെട്ട ഓൺലൈനുകൾക്കും പരസ്യം അല്ലാതെ പണം നൽകിയിട്ടുണ്ടെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പല മാധ്യമ സ്ഥാപനങ്ങളും പണം വാങ്ങി പ്രമോഷൻ ചെയ്തിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
മാധ്യമങ്ങൾ വഴി പരസ്യം നൽകുന്നതിൽ ഒരു തെറ്റുമില്ല. പരസ്യ അല്ലാതെയാണ് ഇവിടെ പണം നൽകിയത്. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിന്റെ തലേ ദിവസം പ്രൈം ടൈംമിൽ ഒരു മിനിട്ട് നൽകണമെന്നും ജില്ലകളിൽ ഉദ്ഘാടനം നടക്കുന്നതിന്റെ അന്ന് പ്രൈം ടൈംമിലും നോൺ പ്രൈം ടൈംമിലും സമയം നൽകണമെന്നും എക്‌സിബിഷനുകളിലെ ഡോക്യുമെന്ററികൾ പ്രദർശിപ്പിക്കണമെന്നും മന്ത്രിമാരെ പ്രമോട്ട് ചെയ്യണമെന്നും പറഞ്ഞാണ് പണം നൽകിയതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
പരസ്യം നൽകുമ്പോൾ അത് പരസ്യമാണെന്ന് പറഞ്ഞാണ് നൽകാറുള്ളത്. പരസ്യമാണെന്ന് അതിന് മുകളിലുണ്ടാകും. അല്ലാതെയാണ് പണം നൽകുന്നില്ലെന്ന് മുഖ്യമന്ത്രി പറയട്ടേ. നേരത്തെ, കിഫ്ബിയും അവരുടെ പ്രമോഷന് വേണ്ടി പണം നൽകിയിട്ടുണ്ട്. ചില മാധ്യമ സ്ഥാപനങ്ങൾ അത് ചെയ്തിട്ടുമുണ്ട്. മാധ്യമപ്രവർത്തകർ പണം വാങ്ങി പരസ്യം ചെയ്തുവെന്ന് ഞാൻ പറഞ്ഞിട്ടില്ല. മാധ്യമ സ്ഥാപനങ്ങൾക്ക് പണം നൽകിയിട്ടുണ്ട്. അതേക്കുറിച്ച് പ്രതിപക്ഷം പറയും. അതിൽ ഒരു ഭയവുമില്ല. ആരും ഭയപ്പെടുത്താനും വരേണ്ട. പണം നൽകി ചെയ്തിട്ടുണ്ടെങ്കിൽ അത് തെറ്റാണെന്ന് സതീശൻ പറഞ്ഞു.
പരസ്യം അല്ലാതെ വേറെ ഏതെങ്കിലും വഴിയിലൂടെ മാധ്യമങ്ങൾക്ക് പണം നൽകുന്നുണ്ടോയെന്ന ചോദ്യത്തിന് ഉത്തരം നൽകാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. ഞാൻ മാധ്യമങ്ങൾക്കെതിരെ പറഞ്ഞെന്നാണ് പറഞ്ഞത്. ഞാൻ മാധ്യമങ്ങൾക്ക് എതിരെയല്ല മുഖ്യമന്ത്രിയോടാണ് ചോദിച്ചത്. വ്യവസായ മന്ത്രി പറഞ്ഞത് ഞാൻ മാധ്യമ പ്രവർത്തകർക്ക് എതിരെ പറഞ്ഞെന്നാണ്. ഞാൻ മാധ്യമ പ്രവർത്തകർക്ക് എതിരെയും പറഞ്ഞിട്ടില്ല. മാധ്യമങ്ങൾക്ക് പരസ്യമല്ലാതെ പണം നൽകുന്നുണ്ടെങ്കിൽ അത് നികുതി പണത്തിൽ നിന്നാണ്.
എന്തിനാണ് അങ്ങനെ പണം നൽകുന്നത്? അങ്ങനെ നൽകിയിട്ടുണ്ടെങ്കിൽ എത്ര തുകയാണ് നൽകിയത്? സർക്കാരോ സർക്കാറിന് കീഴിലുള്ള ഏതെങ്കിലും ഏജൻസിയോ പണം നൽകിയിട്ടുണ്ടോ? അതാണ് വ്യക്തമാക്കേണ്ടത്. പ്രതിപക്ഷ നേതാവ് പരിഹാസ്യനാകുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പണം കൊടുത്ത് മാർക്ക് ഇടുകയും പ്രമോഷൻ നടത്തുകയും ചെയ്യുന്ന മുഖ്യമന്ത്രിയാണ് പരിഹാസ്യനാകേണ്ടത്. അതിനെ വിമർശിച്ച ഞാൻ എന്തിനാണ് പരിഹാസ്യനാകുന്നത്? മറുപടി പറയാതെ മുഖ്യമന്ത്രി ഒഴിഞ്ഞു മാറുകയാണ്. മറുപടി പറഞ്ഞേ മതിയാകൂവെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.