തലശേരി :നിരവധി മോഷണ കേസുകളിലെ പ്രതിയെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു ഇയാളുടെദേഹ പരിശോധന നടത്തിയപ്പോൾ ഹാഷിഷ് ഓയിലും കണ്ടെത്തി.നിരവധി മോഷണ കേസുകളിലെ പ്രതിയായ തലശ്ശേരി പെട്ടിപ്പാലം സ്വദേശി നിച്ചുവെന്ന പി. നസീറിനെ (35) യാണ് അറസ്റ്റുചെയ്തത്.
തലശ്ശേരി ടൗൺ സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ പി.വി അനീഷ് കുമാർ പെട്ടിപ്പാലത്തെ പ്രതിയുടെ വീട്ടിന് സമീപം വച്ചാണ് പിടികൂടിയത്. തലശ്ശേരി, ന്യൂ മാഹി പൊലീസ് സ്റ്റേഷനുകളിലെയും കോഴിക്കോട് ജില്ലയിലെ വടകര, എടച്ചേരി, നാദാപുരം സ്റ്റേഷനുകളിലെയും നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ.
പെയിന്റ് പണിക്കായി ചെന്ന വീട്ടിലെ കാർപോർച്ചിൽ വച്ച ബാഗിൽ നിന്നും മുഴപ്പിലങ്ങാട് സ്വദേശിയുടെ പണവും മൊബൈൽ ഫോണും മോഷ്ടിച്ച കുറ്റത്തിനാണ് തലശ്ശേരി ടൗൺ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ സ്റ്റേഷനിൽ വച്ച് വിശദമായി ദേഹ പരിശോധന നടത്തുന്നതിനിടയിൽ ഇയാൾ ശരീരത്തിനുള്ളിൽ ഒളിപ്പിച്ചുവെച്ച ചെറിയ പ്ലാസ്റ്റിക് ബോട്ടിൽ സഹിതം 1.73 ഗ്രാം ഹാഷിഷ് ഓയിലും കണ്ടെത്തുകയായിരുന്നു. ഇതോടെ മോഷണത്തിന് പുറമേ എൻ.ഡി.പി.എസ് കേസും ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അന്വേഷണ സംഘത്തിൽ എസ്.ഐ. ധനേഷ് ടി, എ.എസ്.ഐ. റഫീഖ്, സിപിഒമാരായ രോഹിത്, ഷജിത്ത്, പ്രജീഷ് എന്നിവരും പങ്കെടുത്തു. പ്രതിയെ തലശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.