
പാലക്കാട് : വികസനത്തോടൊപ്പം വൃത്തിയും നിലനിര്‍ത്താന്‍ കഴിയണമെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് പാര്‍ലമെന്ററി കാര്യവകുപ്പ് മന്ത്രി എം.ബി രാജേഷ്. സംസ്ഥാനത്തെ മാലിന്യമുക്തമാക്കുന്ന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ആവശ്യം കഴിഞ്ഞാല്‍ സാധനങ്ങള്‍ വലിച്ചെറിയുന്ന സംസ്‌കാര ശൂന്യമായ പ്രവണത പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. വാണിയംകുളത്തുകാരുടെ സ്വപ്ന പദ്ധതിയായ കമ്മ്യൂണിറ്റി ഹാള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
മാലിന്യം വലിച്ചെറിയുന്നവരുടെ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പിഴയീടാക്കുന്നതിന്റെ നാലില്‍ ഒന്ന് ശതമാനം തുക നല്‍കുന്ന കാര്യം സര്‍ക്കാരിന്റെ ആലോചനിയിലുണ്ട്. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുണ്ടായ അത്ഭുതകരമായ മാറ്റങ്ങള്‍ ജനങ്ങള്‍ പൂര്‍ണ്ണമായും തിരിച്ചറിയും.
സേവനങ്ങള്‍ ഇരിക്കുന്നിടത്ത് ലഭ്യമാക്കുന്ന കെ സ്മാര്‍ട്ട് സംവിധാനം വലിയ മാറ്റമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ വരുത്തിയത്. ചട്ട പ്രകാരമുള്ള പ്ലാന്‍ നല്‍കിയാല്‍ വാട്സ്ആപ്പ് വഴി ബില്‍ഡിങ് പെര്‍മിറ്റ് ലഭിക്കാനുള്ള സംവിധാനം വരെ ഒരുങ്ങി. 21,600 ലധികം ബില്‍ഡിങ് പെര്‍മിറ്റുകളാണ് ഇതുവഴി നല്‍കിയതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വാണിയംകുളം പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ അഭിമാനകരമായ വികസന പദ്ധതികളാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പരിപാടിയില്‍ പി മമ്മിക്കുട്ടി എം.എല്‍.എ അധ്യക്ഷനായി.ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജേന്ദ്രന്‍ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം അബ്ദുള്‍ ഖാദര്‍, വാണിയംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഗംഗാധരന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ശ്രീലത, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എന്‍.പി കോമള ടീച്ചര്‍, സി സൂരജ്, വി.പി സിന്ധു, പി ഹരിദാസന്‍, പഞ്ചായത്ത് സെക്രട്ടറി എ.കെ വിനോദ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ എം.കെ ശാന്ത എന്നിവര്‍ സംസാരിച്ചു. ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
2.40 കോടി രൂപ ചെലവില്‍ രണ്ട് നിലകളിലായി 20150.04 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ്(1872 ചതുരശ്രമീറ്റര്‍) വാണിയംകുളം കമ്മ്യൂണിറ്റി ഹാള്‍ കെട്ടിടം പണി പൂര്‍ത്തിയാക്കിയത്.