പാലക്കാട് : ലൈഫ് ഭവന പദ്ധതി രാജ്യത്തിന് മാതൃകയാണെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ്. ലൈഫ് ഭവന പദ്ധതി വഴി 5,47,000 വീടുകള്‍ ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചു. 4,51,000 വീടുകളുടെ പണി പൂര്‍ത്തിയി. 18080 കോടി രൂപ ലൈഫ് പദ്ധതിക്കായി ചെലവഴിച്ചെന്നും മന്ത്രി പറഞ്ഞു. കേരളശ്ശേരി ഗ്രാമപഞ്ചായത്ത് ഭവന പദ്ധതികളുടെ താക്കോല്‍ വിതരണവും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
രാജ്യത്ത് ആദ്യ ദാരിദ്രമുക്ത സംസ്ഥാനമാവാന്‍ കേരളം തയ്യാറാവുകയാണ്. ഇതുവരെ 54,400 കുടുംബങ്ങള്‍ അതിദാരിദ്ര മുക്തരായി. നവംബറോടുകൂടെ 100 ശതമാനം അതിദാരിദ്യ മുക്ത സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളശ്ശേരി ഗ്രാമപഞ്ചായത്തില്‍ പി.എം.എ.വൈ, ലൈഫ് മിഷന്‍ ഭവന പദ്ധതികളില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന 179 ഭവനങ്ങളില്‍, നിര്‍മ്മാണം പൂര്‍ത്തിയായ 58 ഭവനങ്ങളുടെ താക്കോലുകളാണ് വിതരണം ചെയ്തത്.
വടശ്ശേരി സൗപര്‍ണിക ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കെ. ശാന്തകുമാരി എം.എല്‍.എ അധ്യക്ഷയായി. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി സേതുമാധവന്‍ മുഖ്യാതിഥിയായി. കേരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബാ സുനില്‍, ജില്ലാ പഞ്ചായത്ത് അംഗം എ പ്രശാന്ത്, ബ്ലോക്ക് അംഗങ്ങളായ ബി നന്ദിനി, എ രജനി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫെബിന്‍ റഹ്‌മാന്‍, പഞ്ചായത്ത് അംഗങ്ങളായ ബി ഷാജിത, ഒ കെ രാമചന്ദ്രന്‍, എം രമ, പി.സി സുധ, പി.സി രാഹുല്‍, പി രാജീവ്, ടി ഷീല, സി.സി രമേശ്, കെ.എ ബാലസുബ്രഹ്‌മണ്യന്‍, ടി സഞ്ജന, കേരളശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി രജനി തുടങ്ങിയവര്‍ പങ്കെടുത്തു.