കണ്ണൂർ ജില്ലയിൽ മെയ് 24, 25, 26 തീയ്യതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അരുൺ കെ വിജയൻ അറിയിച്ചു. പൊതുജനങ്ങൾക്ക് ആവശ്യമായ മുന്നറിയിപ്പ് നൽകാനും ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ജനങ്ങളെ മാറ്റാനും തദ്ദേശ സ്വയംഭരണ അധ്യക്ഷൻമാർക്കും തഹസിൽദാർമാർക്കും വെള്ളിയാഴ്ച രാത്രി ഓൺലൈനായി ചേർന്ന ദുരന്ത നിവാരണ സമിതി യോഗം നിർദേശം നൽകി.
തദ്ദേശ സ്ഥാപന അധ്യക്ഷൻമാരും സെക്രട്ടറിമാരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു. അതിതീവ്ര മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ അറിയിപ്പെന്ന് കലക്ടർ അറിയിച്ചു. മലയോര മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും പ്രത്യേക ജാഗ്രത പുലർത്തണം. മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടാകാനിടയുള്ള സ്ഥലങ്ങളിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.
മുന്നൊരുക്കത്തിന്റെ ഭാഗമായി ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കണമെന്നും ആവശ്യമെങ്കിൽ ഒഴിപ്പിക്കൽ നടപടികൾ സ്വീകരിക്കണമെന്നും കലക്ടർ തദ്ദേശ സ്ഥാപന അധ്യക്ഷൻമാരോട് പറഞ്ഞു. ക്യാമ്പുകൾ സജ്ജമാണെന്ന് തഹസിൽദാർമാർ അറിയിച്ചു. സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കാൻ ആളുകളോട് ആവശ്യപ്പെടണമെന്ന് പഞ്ചായത്ത് പ്രസിഡന്റുമാർക്ക് നിർദ്ദേശം നൽകി.
ജില്ലയിൽ ക്വാറിയുടെ പ്രവർത്തനം മൂന്നുദിവസം പൂർണമായും നിർത്തിവവെച്ചതായി ജിയോളജിസ്റ്റ് അറിയിച്ചു. ജില്ലയിലെ മുഴുവൻ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം മൂന്നു ദിവസം നിരോധിച്ചതായും കലക്ടർ അറിയിച്ചു.
ജില്ലയിലെ പുഴകളിലെയും തോടുകളിലെയും ജലനിരപ്പ് നിരീക്ഷിച്ച് അറിയിക്കാൻ നിർദേശം നൽകി. പഴശ്ശി ഡാമിന്റെ രണ്ട് ഷട്ടറുകൾ ആറ് സെൻറി മീറ്റർ തുറന്ന് ജലനിരപ്പ് ക്രമീകരിച്ചതായി പഴശ്ശി ഇറിഗേഷൻ അറിയിച്ചു. 14 ഷട്ടറുകളും പ്രവർത്തന ക്ഷമമാണ്. ജലനിരപ്പ് സുരക്ഷിത നിലയിലാണ്. ഓരോ മണിക്കൂറിലും ജലനിരപ്പ് നിരീക്ഷിക്കുന്നു.
ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തണം. താലൂക്കുകളിലെ കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തനസജ്ജമാണെന്നും അറിയിച്ചു.