അടുത്ത അഞ്ച് കൊല്ലത്തില്‍ ബ്രസീലുമായുള്ള വ്യാപാരം 20 ബില്യണ്‍ ഡോളറായി ഉയര്‍ത്തുമെന്ന് പ്രധാനമന്ത്രി മോദി. കൃഷി, ആയുര്‍വേദം തുടങ്ങിയ മേഖലകളില്‍ ഇന്ത്യയും ബ്രസീലും തമ്മില്‍ കരാര്‍ ഒപ്പിട്ടു. ബ്രസീലിലെ ഉന്നത പുരസ്‌കാരമായ ഗ്രാന്‍ഡ് കോളര്‍ ഓഫ് ദ നാഷണല്‍ ഓഡര്‍ ഓഫ് ദ സതേണ്‍ ക്രോസ് മോദിക്ക് ലുല സില്‍വ സമ്മാനിച്ചു.
ബ്രിക്‌സ് ഉച്ചകോടിക്ക് ശേഷം റിയോ ദ ജനീറോയില്‍ നിന്ന് ബ്രസീലിയയില്‍ എത്തിയ പ്രധാനമന്ത്രിക്ക് ഇന്ത്യന്‍ സമൂഹം ഹൃദ്യമായ വരവേല്‍പ്പാണ് നല്‍കിയത്. ശിവതാണ്ഡവസ്‌തോത്രം ചൊല്ലിയായിരുന്നു ഇന്ത്യന്‍ സമൂഹം മോദിക്ക് സ്വീകരണം നല്‍കിയത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ സ്റ്റേറ്റ് വിസിറ്റ് തലത്തിലേക്ക് ബ്രസീല്‍ ഉയര്‍ത്തിയിരുന്നു. അഞ്ച് പതിറ്റാണ്ടിന് ശേഷമാണ് ഒരിന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് ഈ അംഗീകാരം ലഭിച്ചത്. ബ്രസീല്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി നമീബിയയിലേക്ക് തിരിച്ചു. നമീബിയയുടെ തലസ്ഥാനമായ വിന്‍ഡ്‌ഹോക്കില്‍ ഇന്ന് നടത്തുന്ന ചര്‍ച്ചകള്‍ക്കു ശേഷം മോദി നാളെ ദില്ലിയില്‍ തിരിച്ചെത്തും.