മോദി ഈ മാസം അവസാനത്തില്‍ സൗദി സന്ദര്‍ശനം നടത്തും

01:57 PM Apr 11, 2025 | Suchithra Sivadas

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം അവസാനത്തില്‍ സൗദി സന്ദര്‍ശനം നടത്തും. പ്രധാനമന്ത്രി ആയതിന് ശേഷം മോദി മൂന്നാമതാണ് സൗദി സന്ദര്‍ശിക്കുന്നത്. ജിദ്ദയില്‍ സൗദി രാജാവിന്റെ കൊട്ടാരത്തിലായിരിക്കും ഔദ്യോഗിക കൂടിക്കാഴ്ച നടത്തുന്നത്. സല്‍മാന്‍ രാജാവുമായും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനുമായും കൂടിക്കാഴ്ച നടത്തും. 

ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സാമ്പത്തിക സഹകരണം, തന്ത്രപരമായ മേഖലകളിലെ ബന്ധം എന്നിവ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ കൂടിക്കാഴ്ചയില്‍ നടത്തുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. വ്യാപാരം, നിക്ഷേപം, ഊര്‍ജം, പ്രതിരോധം എന്നീ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള കരാറുകള്‍ ഒപ്പിട്ടേക്കുമെന്നും സൂചനകളുണ്ട്.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായിരിക്കും മോദി സൗദിയിലെത്തുന്നത്. 2023 സെപ്റ്റംബറില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ഈ മാസം യുഎസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്ട്‌സ് ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്. അതിനുശേഷമായിരിക്കും മോദി സൗദിയിലേക്കെത്തുന്നത്.  ജിദ്ദയിലെ പൊതു സമൂഹവുമായും മോദി സംവദിക്കുമെന്നാണ് സൂചനകള്‍. നിലവില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ജിദ്ദ.