പിഎം ശ്രീ പദ്ധതി : ബിജെപി സർക്കാരിന്റെ ഒരു വിദ്യാഭ്യാസ നയവും കേരളത്തിൽ നടപ്പാക്കാൻ ഇടതുമുന്നണി തയ്യാറല്ല, സിപിഐയുമായി തർക്കമുണ്ട്: മന്ത്രി സജി ചെറിയാൻ

12:00 PM Oct 29, 2025 |


തൃശൂർ: കേന്ദ്രസർക്കാരിൻ്റെ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐയുമായി ചില തർക്കങ്ങൾ നടക്കുന്നുണ്ടെന്ന് മന്ത്രി സജി ചെറിയാൻ. അത് മുഖ്യമന്ത്രി ഇടപെട്ട് പരിഹരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ‌വിദ്യാഭ്യാസ വകുപ്പിന് കിട്ടേണ്ടിവരുന്ന 1450 കോടി രൂപ കിട്ടാതെ വന്നാൽ ഉണ്ടാകുന്ന പ്രതിസന്ധിയാണ് വിഷയം. ഇടതുമുന്നണിയുടെ നയത്തിന് വിരുദ്ധമായി യാതൊന്നും നടപ്പാക്കാൻ അനുവദിക്കില്ല എന്ന് തന്നെയാണ് വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരിക്കുന്നത്. ബിജെപി സർക്കാരിന്റെ ഒരു വിദ്യാഭ്യാസ നയവും കേരളത്തിൽ നടപ്പാക്കാൻ ഇടതുമുന്നണി തയ്യാറല്ല. വിദ്യാഭ്യാസം സ്റ്റേറ്റിന്റെ മാറ്റർ ആണ്. സിപിഐക്ക് ആശങ്ക ഉണ്ടാകാം. ആശങ്ക അവർ പറഞ്ഞു കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

മന്ത്രി എന്ന നിലയിൽ ശിവൻകുട്ടി നേരിട്ട് പോയി കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തി. പിന്നെയും സംശയങ്ങൾ ഉള്ളതാണ് ദൂരീകരിക്കാൻ ചർച്ചകൾ നടക്കുന്നത്. അത് പരിഹരിക്കുക തന്നെ ചെയ്യും. വൈകിട്ടത്തെ മന്ത്രിസഭായോഗത്തിൽ സിപിഐയുടെ നാല് മന്ത്രിമാർ ഉണ്ടാകും. ഹെഡ്ഗേവാറിനെ കുറിച്ച് പഠിപ്പിക്കാൻ സുരേന്ദ്രൻ പറയുമ്പോൾ സൗകര്യമില്ലെന്നാണ് മറുപടി. മന്ത്രിസഭായോഗത്തിൽ ചർച്ച ചെയ്തു മാറ്റിവെച്ചെങ്കിലും വിദ്യാഭ്യാസ വകുപ്പിന് അതുമായി മുന്നോട്ടു പോകാൻ കഴിയും. 1500 കോടി രൂപ നഷ്ടപ്പെടുത്തണം ആണെന്നാണോ എതിർക്കുന്നവർ പറയുന്നത്. ആ പണം ആവശ്യമായത് കൊണ്ടാണ് വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് പോയത്.