കണ്ണൂർ : പി.പി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരിക്കെ നടത്തിയ അഴിമതികളുടെയും ബിനാമി സ്വത്തുക്കളുടെയും രേഖകൾ പുറത്തുവിട്ട് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ്.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരിക്കുമ്പോൾ കോടിക്കണക്കിന് രൂപയുടെ കരാറുകൾ നൽകിയത് സ്വന്തം ബിനാമി കമ്പനിക്ക്.കമ്പനി ഉടമയായ ബിനാമിയുടേയും പി.പി ദിവ്യയുടെ ഭർത്താവിന്റേയും പേരിൽ ഏക്കർ കണക്കിന് സ്ഥലങ്ങൾ വാങ്ങിക്കൂട്ടി.
കണ്ണൂരിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ പാലക്കയം തട്ടിൽ ബിനാമി കമ്പനിയുടെ എം.ഡിയും പി.പി ദിവ്യയുടെ നാട്ടുകാരനുമായ മുഹമ്മദ് ആസിഫിന്റേയും ദിവ്യയുടെ ഭർത്താവ് വി.പി അജിത്തിന്റേയും പേരിൽ വാങ്ങിയത് നാലേക്കറോളം ഭൂമി.ഇരുവരുടെയും പേരിൽ സ്ഥലം രജിസ്റ്റർ ചെയ്ത രേഖകൾ സഹിതമാണ് മുഹമ്മദ് ഷമ്മാസ് ബിനാമി ഇടപാടിന്റെ തെളിവുകൾ പുറത്തുവിട്ടത്.അനധികൃതമായി സ്വന്തം ബിനാമി കമ്പനിക്ക് ജില്ലാ പഞ്ചായത്ത് പദ്ധതികളുടെ കോടിക്കണക്കിന് രൂപയുടെ കരാർ നൽകിയതിന്റെ രേഖകളും ഷമ്മാസ് പുറത്ത് വിട്ടു.
11 കോടിയോളം രൂപയാണ് രണ്ട് വർഷത്തിനിടയിൽ പ്രീ ഫാബ്രിക്കേറ്റ് ടോയ്ലറ്റ് നിർമാണങ്ങൾക്ക് മാത്രമായി Carton India Alliance Private Limited. എന്ന ബിനാമി കമ്പനിക്ക് നൽകിയത്.ഇതിന് പുറമെ പടിയൂർ എ.ബി.സി കേന്ദ്രത്തിന്റെ 76 ലക്ഷം രൂപയുടെ നിർമ്മാണ കരാറും ഈ കമ്പനിക്ക് തന്നെയായിരുന്നു.
പി.പി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായതിനുശേഷം 2021 ആഗസ്റ്റ് ഒന്നിനാണ് ബിനാമി കമ്പനി രൂപീകരിച്ചത്. ദിവ്യയുടെ അടുത്ത സുഹൃത്തും നാട്ടുകാരനും കൂടിയായ മുഹമ്മദ് ആസിഫാണ് ബിനാമി കമ്പനിയുടെ എം.ഡി. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള പ്രീ ഫാബ്രിക് നിർമ്മാണങ്ങളാണ് സിൽക്ക് വഴി ഈ കമ്പനിക്ക് ലഭിച്ചത്.പ്രധാനമായും ബയോ ടോയ്ലറ്റുകൾ മറ്റു കെട്ടിടങ്ങൾ എന്നിവയായിരുന്നു നിർമ്മാണങ്ങൾ.മൂന്ന് വർഷത്തിനിടെ 12 കോടിയിലധികം രൂപയുടെ പ്രവൃത്തികളാണ് ഈ കമ്പനി മാത്രം ചെയ്തത്.ഒരു കരാർ പോലും പുറത്തൊരു കമ്പനിക്കും ലഭിച്ചില്ല എന്നതാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം.അഴിമതിയുടെ ബ്രാൻഡ് അംബാസിഡർ ആക്കാൻ പറ്റിയ ആളാണ് പി പി ദിവ്യ എന്ന് പകൽപോലെ വ്യക്തമായിരിക്കുകയാണ്
പി.പി ദിവ്യയുടെ ഉറ്റ സുഹൃത്തും കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമായ പി.പി ഷാജിറിനും ഈ ബിനാമി ഇടപാടുകളിൽ വലിയ പങ്കുണ്ടെന്നും ബ്ലോക്ക് പഞ്ചായത്തിന്റെ നിർമ്മാണ പ്രവൃത്തികളുടെ കരാറുകളും ഈ ബിനാമി കമ്പനിക്ക് ലഭിച്ചിട്ടുണ്ടെന്നും പൊതുമുതൽ കൊള്ളയടിക്കുന്നതിൽ വീരപ്പനെ പോലും പി.പി ദിവ്യയും കൂട്ടാളികളും നാണിപ്പിക്കുകയാണെന്ന് പി മുഹമ്മദ് ഷമ്മാസ് കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പി.പി ദിവ്യയുടെ അഴിമതികളുടെയും ബിനാമി കൂട്ടുകെട്ടുകളുടെയും അനധികൃത സ്വത്ത് സമ്പാദനത്തിന്റേയും കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുമെന്നും ഷമ്മാസ് കൂട്ടിച്ചേർത്തു.