പോക്‌സോ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യുന്നു, ബോധവൽക്കരണം വേണ്ടി വരും : സുപ്രിംകോടതി

07:09 PM Nov 05, 2025 | Neha Nair

ന്യൂഡൽഹി : കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയാനുള്ള പോക്‌സോ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് സുപ്രിംകോടതി. വിവാഹ ബന്ധത്തിലെ തർക്കങ്ങളിലും കൗമാരക്കാർക്കിടയിലെ പ്രണയങ്ങളിലും നിയമം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നാണ് ജസ്റ്റിസുമാരായ ബി വി നാഗരത്‌നയും ആർ മഹാദേവും പറഞ്ഞത്. ലൈംഗിക വിദ്യാഭ്യാസം സ്‌കൂളുകളിൽ നിർബന്ധമാക്കണമെന്നും മറ്റും ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി പരിഗണിക്കുമ്പോഴാണ് കോടതി ഇങ്ങനെ നിരീക്ഷിച്ചത്. 

''പെൺകുട്ടികൾ ആൺകുട്ടികൾക്കൊപ്പം ഒളിച്ചോടി പോവുമ്പോൾ ആൺകുട്ടികൾക്കെതിരേ പോക്‌സോ നിയമം ഉപയോഗിക്കുന്നു.''-ജസ്റ്റിസ് ബി വി നാഗരത്‌ന പറഞ്ഞു. പോക്‌സോ നിയമത്തെ കുറിച്ച് ആൺകുട്ടികളെയും പുരുഷൻമാരെയും ബോധവൽക്കരിക്കേണ്ട സാഹചര്യമുണ്ട്. വിഷയത്തിൽ കേന്ദ്രസർക്കാരും സംസ്ഥാനസർക്കാരും നിലപാട് അറിയിക്കണമെന്നും കോടതി നിർദേശിച്ചു. കൗമാരക്കാർ തമ്മിലുള്ള പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധത്തിനുള്ള വയസ് 16 ആക്കി കുറക്കണമെന്ന ഹരജിയും കോടതി പരിഗണിക്കുന്നുണ്ട്. 

Trending :

പതിനാറിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള കൗമാരക്കാർ തമ്മിലുള്ള പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങളെ ക്രിമിനൽ കുറ്റമാക്കരുതെന്നാണ് അമിക്കസ് ക്യൂറി ഇന്ദിരാ ജയ്‌സിങ് കോടതിയിൽ റിപോർട്ട് നൽകിയത്. പ്രണയങ്ങളിൽ പെൺകുട്ടിയുടെ വീട്ടുകാർ ആൺകുട്ടിയെ പോക്‌സോ കേസിൽ കുടുക്കി ജയിലിൽ അടക്കുന്നതായി ഡൽഹി ഹൈക്കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. വിവാഹതർക്കങ്ങളിൽ പോക്‌സോ നിയമം ദുരുപയോഗം ചെയ്യുന്നതായി കേരള ഹൈക്കോടതി നിരവധി തവണ ചൂണ്ടിക്കാട്ടിയിരുന്നു.