
നീലേശ്വരം :നീലേശ്വരത്ത് കവർച്ചാ ശ്രമം നടത്തിയ അന്തർസംസ്ഥാന മോഷ്ടാവ് പിടിയിൽ. പശ്ചിമബംഗാളിൽ താമസിക്കുന്ന മൂവാറ്റുപുഴ സ്വദേശി നൗഫലിനെയാണ് നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്.ചായ്യോം നരിമാളത്തെ കരാറുകാരനായ സുരേഷ് പെരിങ്കുളത്തിന്റെ വീട്ടിൽ കഴിഞ്ഞ ദിവസം പുലർച്ചെ കവർച്ചാശ്രമം നടത്തി രക്ഷപ്പെട്ട നൗഫലിനെ അതിസാഹസികമായാണ് പൊലീസ് പിടികൂടിയത്. സുരേഷിന്റെ വീടിന്റെ പിൻവാതിൻ്റെ ബോൾട്ടുകൾ തകർത്ത് അകത്തുകയറി മോഷണം നടത്താനായിരുന്നു നൗഫലിന്റെ ശ്രമം.
പുലർച്ചെ മൂന്ന് മണിയോടെ വീടിന്റെ പിന്നിൽ നിന്ന് ശബ്ദം കേട്ട് സുരേഷ് ഉണർന്ന് ലൈറ്റിട്ടതോടെ രക്ഷപ്പെടുകയായിരുന്നു. വീട്ടിലെ സി സി ടി വി പരിശോധനയിൽ മോഷ്ടാവിന്റെ ദൃശ്യം ലഭിച്ചതോടെ നീലേശ്വരം പൊലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് രാത്രിയിൽ ശക്തമായ മഴയിലും തെരച്ചിൽ ഊർജിതമാക്കി. വാഹന പരിശോധനക്കിടെ ഓട്ടോറിക്ഷ നിർത്തി പരിശോധിച്ചപ്പോൾ അതിലുണ്ടായിരുന്ന നൗഫൽ ഇറങ്ങി ഓടി.
പിന്തുടർന്ന പൊലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിലാണ് പശ്ചിമ ബംഗാളിൽ സ്ഥിരതാമസമാക്കി ആഡംബര വീടുകൾ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവായ നൗഫലാണെന്ന് തിരിച്ചറിഞ്ഞത്. ജൂൺ 11 ന് മലപ്പുറം അങ്ങാടിപ്പുറത്തെ വീട്ടിൽ നിന്നും 90 പവൻ സ്വർണാഭരണങ്ങൾ കവർച്ച ചെയ്ത കേസിൽ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയാണ് വീണ്ടും കവർച്ചയ്ക്കിറങ്ങിയത്. വടക്കേ ഇന്ത്യയിലേക്കുള്ള നാഷണൽ പെർമിറ്റ് ലോറിയിൽ ഡ്രൈവറായിരുന്ന നൗഫലിന് നിരവധി ഭാഷകൾ സംസാരിക്കാനറിയും. വർഷങ്ങളായി പശ്ചിമ ബംഗാളിൽ സ്വന്തമായി വീട് നിർമിച്ച് താമസിച്ചു വരികയാണ്. കേരളത്തിലെത്തി ആഡംബര വീടുകളിൽ കവർച്ച നടത്തി മുങ്ങുകയായിരുന്നു പതിവെന്ന് പൊലീസ് പറഞ്ഞു.