വയനാട്ടിൽ കഞ്ചാവും ഹാഷിഷ് ഓയിലുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ

07:14 PM Mar 10, 2025 | AVANI MV

വയനാട്  :സുൽത്താൻബത്തേരിയിൽ  കഞ്ചാവും ഹാഷിഷ് ഓയിലുമായി നാല് യുവാക്കളെ പൊലീസ് പിടികൂടി.ഗുണ്ടൽപെട്ട് ഭാഗത്തുനിന്നും ബത്തേരി ഭാഗത്തേക്ക് ഓടിച്ചു വരികയായിരുന്നു കെഎ 01 എംഎക്‌സ് 0396 കാറിലാണ് യുവാക്കളെത്തിയത്. 7.16 ഗ്രാം കഞ്ചാവും, 17.03 ഗ്രാം തൂക്കം വരുന്ന ഹാഷിഷ് ഓയിലുമാണ് പിടിച്ചെടുത്തത്.

 ബംഗളൂരു സ്വദേശികളായ മഹാലക്ഷ്മിപുരം എ എൻ തരുൺ(29), കോക്സ് ടൌൺ ഡാനിഷ് ഹോമിയാർ(30), സദാനന്ദ നഗർ, നൈനാൻ അബ്രഹാം(30), കോഴിക്കോട് സ്വദേശി മൂലംപള്ളി സനാതനം വീട്ടിൽ നിഷാന്ത് നന്ദഗോപാൽ(28) എന്നിവരെയാണ് ജില്ല പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്.

കഴിഞ്ഞ ദിവസം ഉച്ചയോടെ മുത്തങ്ങ തകരപ്പാടി പൊലീസ് ചെക്ക് പോസ്റ്റിന് സമീപം നടത്തിയ വാഹനപരിശോധനയിലാണ് സംഘം വലയിലാകുന്നത്.   തുടർ നടപടികൾക്ക് ശേഷം യുവാക്കളെ കോടതിയിൽ ഹാജരാക്കി. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തും. യുവാക്കൾ ലഹരി കടത്തിയത് ആർക്കെങ്കിലും വേണ്ടിയായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളായിരിക്കും പോലീസ് അന്വേഷിക്കുക.