നഗ്നരായി സംഘം ചേർന്നെത്തി സ്ത്രീകളെ ആക്രമിക്കുന്ന സംഘം ; കണ്ടെത്താനാകതെ വലഞ്ഞ് പോലിസ്

04:30 PM Sep 08, 2025 | Neha Nair

ലഖ്നൗ : ഉത്തർപ്രദേശിലെ മീററ്റിൽ നഗ്നരായി സംഘം ചേർന്നെത്തി സ്ത്രീകളെ ആക്രമിക്കുന്ന സംഘത്തെ കണ്ടെത്താനാകാതെ പൊലീസ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഡ്രോൺ പരിശോധന നടത്തിയെങ്കിലും ഫലം ഉണ്ടായില്ല. നിലവിൽ സ്ഥലത്ത് നിരീക്ഷണത്തിനായി സിസിടിവി കൾ സ്ഥാപിച്ചിട്ടുണ്ട്. സ്ത്രീകളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതൽ വനിതാ കോൺസ്റ്റബിൾമാരെ പ്രദേശത്ത് വിന്യസിച്ചു. മീററ്റിലെ ദൗറല പ്രദേശത്തെ ഗ്രാമങ്ങളിലാണ് ഈ ദുരൂഹമായ സംഭവങ്ങളുണ്ടാകുന്നത്. ഡ്രോണുകളും കരസേനയും ഉപയോഗിച്ച് വലിയ തോതിലുള്ള തിരച്ചിൽ നടത്തിയിട്ടും ഇത് വരെ ഇവരെക്കുറിച്ച് ഒരു തുമ്പും ലഭിച്ചിട്ടില്ല.

5 ദിവസം മുൻപാണ് ഏറ്റവും ഒടുവിൽ ഇതേ സംഭവത്തിന് സ്ത്രീകൾ ഇരയായത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ ഭരാല-ശിവായ റോഡിലൂടെ ജോലിക്ക് പോകുന്നതിനിടെ ഒരു സ്ത്രീയെ കരിമ്പിൻ തോട്ടത്തിൽ നിന്ന് വന്ന ഒരാൾ പിന്നിൽ നിന്ന് തടഞ്ഞുനിർത്തിയെന്നതാണ് ഏറ്റവും പുതിയ കേസ്. അ‌‍‍‌ർദ്ധ ന​ഗ്നനായി വന്ന ഒരാൾ വയലിലേക്ക് സ്ത്രീയെ വലിച്ചിഴയ്ക്കാൻ ശ്രമിച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞു. എന്നാൽ സ്ത്രീ ഉറക്കെ ശബ്ദമുണ്ടാക്കിയതോടെ സമീപത്തുണ്ടായിരുന്ന സ്കൂൾ ബസ് ഡ്രൈവറും കണ്ടക്ടറും സഹായത്തിനെത്തി. അവർ വയലിലേക്ക് അടുക്കുന്നത് കണ്ടപ്പോൾ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും അവ‌‍‌ർ കൂട്ടിച്ചേ‌ർത്തു.

എന്നാൽ, ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്ന് ഗ്രാമവാസികൾ പറയുന്നു. മുമ്പ് രണ്ടുതവണ സമാനമായ ആക്രമണങ്ങൾ നടന്നിട്ടുണ്ടെന്നും കരിമ്പിൻ തോട്ടങ്ങൾക്കുള്ളിൽ നിന്നും സ്ത്രീകളെയും പെൺകുട്ടികളെയും ലക്ഷ്യം വച്ചാണ് പ്രതി എത്തുന്നതെന്നുമാണ് ​ഗ്രാമവാസികൾ പറയുന്നത്. പരാതിക്ക് ശേഷം പ്രദേശത്ത് എല്ലാ ദിവസവും മണിക്കൂറുകളോളം നിരവധി ടീമുകൾ തീവ്രമായ തിരച്ചിൽ നടത്തിയിരുന്നു.