പൊലീസ് ആണെന്ന് അറിയില്ലായിരുന്നു ,ഓടിയത് ഗുണ്ടകളെന്ന് ഭയന്ന്’; ഷൈൻ ടോം ചാക്കോ

01:38 PM Apr 19, 2025 | Kavya Ramachandran

ഹോട്ടലിൽ നിന്ന് ഇറങ്ങി ഓടിയത് ഗുണ്ടകളെന്ന് ഭയന്നാണെന്ന് മൊഴി  നൽകി  ഷൈൻ ടോം ചാക്കോ. പൊലീസ് ആണെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നും ഷൈൻ പൊലീസിനോട് പറഞ്ഞു. ഷൈൻ ടോം ചാക്കൊയുടെ ഫോൺ പൊലീസ് പരിശോധിച്ചു. വാട്സാപ്പ് കോൾ, സന്ദേശങ്ങൾ, യുപി ഐ ഇടപാടുകൾ എന്നിവയെക്കുറിച്ചെല്ലാം ഷൈനിൽ നിന്ന് ചോദിച്ചറിയുകയാണെന്നാണ് വിവരം. എറണാകുളം എസി പി യുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്. നാർക്കോട്ടിക് സെൽ എ സി പിയും സൗത്ത് എസി പിയും ചോദ്യം ചെയ്യുന്ന സംഘത്തിലുണ്ട്.


എന്തിനാണ് പൊലീസിനെ കണ്ടപ്പോൾ ഹോട്ടലിൽ നിന്ന് ഇറങ്ങി ഓടിയത് എന്ന കാര്യം ഉൾപ്പെടെ പൊലീസ് ചോദിച്ചറിയും. ആ സംഭവവുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലാണ് ഷൈൻ ഹാജരായിരിക്കുന്നത്. ഇന്ന് കൊച്ചി നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ നടനോട് ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകിയിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ആറരയോടെയാണ് കൊച്ചിയിൽ നിന്നുള്ള പൊലീസ് സംഘം ഷൈൻ ടോം ചാക്കോയുടെ വീട്ടിലെത്തി ഹാജരാക്കാനുള്ള നോട്ടീസ് നൽകിയത്. പത്തുമിനിറ്റ് നേരം വീട്ടുകാരിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞാണ് പൊലീസ് സംഘം മടങ്ങിയത്.