+

മദ്യപിക്കുന്നവര്‍ പാര്‍ട്ടിയില്‍ നിന്നും പുറത്തെന്ന് സിപിഎം, മറ്റേതെങ്കിലും പാര്‍ട്ടിക്കോ സമുദായ നേതാക്കള്‍ക്കോ ഇത്തരമൊരു തീരുമാനമെടുക്കാന്‍ ധൈര്യമുണ്ടോ?

കേരളത്തില്‍ സമീപ വര്‍ഷങ്ങളില്‍ മയക്കുമരുന്ന് ഉപയോഗം, പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍, ആശങ്കാജനകമായ രീതിയില്‍ വര്‍ദ്ധിച്ചിട്ടുണ്ട്.

കൊച്ചി: കേരളത്തില്‍ സമീപ വര്‍ഷങ്ങളില്‍ മയക്കുമരുന്ന് ഉപയോഗം, പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍, ആശങ്കാജനകമായ രീതിയില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. സ്‌കൂള്‍ കുട്ടികള്‍ക്ക് വരെ ലഹരി വസ്തുക്കള്‍ ലഭിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നീങ്ങിയതോടെ അക്രമങ്ങളും കൊലപാതകങ്ങളും നിത്യസംഭവമാകുകയാണ്.

താമരശ്ശേരി സ്‌കൂളിലെ വിദ്യാര്‍ത്ഥിയെ ഒരുസംഘം വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതോടെ ലഹരി ഉപയോഗത്തിനെതിരെ സംസ്ഥാനത്ത് വലിയ കാമ്പയിനുകളും ആരംഭിച്ചു. മാധ്യമങ്ങളും പൊതുജനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും സമുദായങ്ങളും സര്‍ക്കാര്‍ സംവിധാനവുമെല്ലാം ഒരുമിച്ച് ഇതിനെതിരെ രംഗത്തിറങ്ങേണ്ടതിന്റെ പ്രാധാന്യമാണ് വിദ്യാര്‍ത്ഥിയുടെ കൊലപാതകത്തിലൂടെ തിരിച്ചറിയേണ്ടത്.

മയക്കുമരുന്നുപോലെ മദ്യത്തിന്റെ ഉപഭോഗവും കൂടിയതോടെ ഇക്കാര്യത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ കഴിഞ്ഞദിവസം നടത്തിയ പരാമര്‍ശം ശ്രദ്ധേയമായി. മദ്യപിക്കുന്നവരെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നും ഒഴിവാക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ഇത് എത്രമാത്രം പ്രാവര്‍ത്തികമാകുമെന്ന് കണ്ടറിയേണ്ടതാണ്.

മദ്യം കഴിക്കുന്ന അംഗങ്ങളെ പുറത്താക്കാനുള്ള പാര്‍ട്ടിയുടെ പ്രതിജ്ഞാബദ്ധത ആവര്‍ത്തിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മയക്കുമരുന്ന് ദുരുപയോഗം തടയാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കണമെന്നും ആവശ്യപ്പെട്ടു.

മദ്യപിക്കുന്നവരെ പാര്‍ട്ടി അംഗങ്ങളാക്കുന്നതില്‍ കടുത്ത നിലപാടാണ് സിപിഎം നേരത്തെ എടുത്തിരുന്നത്. എന്നാല്‍, അത് പരസ്യമദ്യപാനം ഒഴിവാക്കണം എന്ന നിലയിലേക്ക് പിന്നീട് മാറി. മദ്യപിക്കുന്നവരെ പൂര്‍ണമായും ഒഴിവാക്കുകയെന്നത് അസാധ്യമാണ്. കാരണം പാര്‍ട്ടിയിലെ ബഹുഭൂരിപക്ഷം അംഗങ്ങളും ചെറിയ രീതിയിലെങ്കിലും മദ്യപിക്കുന്നവരാണ്.

മദ്യപാനത്തിനെതിരായ സിപിഎമ്മിന്റെ നിലപാട് പരിഹാസ്യമാണെന്ന് ആരോപിക്കുന്നുണ്ടെങ്കിലും ഇത്തരം തീരുമാനം പരസ്യമായി പ്രഖ്യാപിക്കാന്‍ മറ്റു പാര്‍ട്ടികള്‍ക്ക് സാധിക്കില്ലെന്നുറപ്പാണ്. പരസ്യമദ്യപാനം പാടില്ലെന്നും വീട്ടില്‍വെച്ച് മദ്യപിക്കാമെന്നുമാണ് സപിഐയുടെ പോലും നിലപാട്.

മദ്യപാനത്തിനെതിരെ ഗോവിന്ദന്‍ മാഷ് മുന്നോട്ടുവെക്കുന്ന ആഹ്വാനം ലഹരി ഉപയോഗത്തിനെതിരായ മുന്നറിയിപ്പ് കൂടിയാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സമുദായങ്ങളും ജാഗ്രത പുലര്‍ത്തിയാല്‍ കേരളത്തില്‍ നിന്നും മയക്കുമരുന്ന് ലഹരിയെ ഇല്ലാതാക്കാന്‍ സാധിക്കും.

മദ്യവും മയക്കുമരുന്നും ഉപേക്ഷിക്കേണ്ടതിന്റെ പ്രാധാന്യം പറഞ്ഞറിയിക്കാനാവില്ല. ഇവയില്‍ നിന്നും വിട്ടുനില്‍ക്കുന്നത് മെച്ചപ്പെട്ട ശാരീരിക മാനസിക ആരോഗ്യം കൈവരിക്കുന്നതിന് സഹായിക്കും. മയക്കുമരുന്ന് ഉപേക്ഷിക്കുന്നത് വ്യക്തികളെ അവരുടെ ജീവിതത്തിന്റെ നിയന്ത്രണം വീണ്ടെടുക്കാനും സാമ്പത്തിക സ്ഥിരത മെച്ചപ്പെടുത്താനും സഹായിക്കുമെന്നതില്‍ സംശയമില്ല.

ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മതസമൂഹങ്ങളും ഒന്നിക്കേണ്ട സമയമാണിത്. കൂട്ടായ പരിശ്രമങ്ങള്‍ മാറ്റത്തിന് കാരണമാകും. രാഷ്ട്രീയ, മത സംഘടനകള്‍ക്ക് ആരോഗ്യകരമായ, മയക്കുമരുന്ന് രഹിത സമൂഹം കെട്ടിപ്പടുക്കാന്‍ സഹായിക്കാനാകും. ഇതിലൂടെ വരും തലമുറയുടെ ശോഭനമായ ഭാവി ഉറപ്പാക്കാനും സാധിക്കും.

facebook twitter