വാഷിങ്ടൺ: ഉക്രെയ്നിനുള്ള സൈനിക സഹായങ്ങൾ നിർത്തലാക്കി അമേരിക്ക. ഉക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമർ സെലൻസ്കിയുമായുള്ള തർക്കത്തിനുപിന്നാലെയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കടുത്ത തീരുമാനം. സമാധാനത്തിലാണ് താൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ടെന്നും ആ ലക്ഷ്യത്തിൽ യുഎസിന്റെ പങ്കാളികളും ചേരണമെന്നാണ് ആഗ്രഹമെന്നും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
യുദ്ധം മതിയാക്കണമെന്ന നിലപാടിലാണ് ട്രംപ്. കഴിഞ്ഞ ദിവസം ഓവൽ ഓഫിസിലെ കൂടിക്കാഴ്ചക്കിടെ റഷ്യയുമായുള്ള വെടിനിര്‍ത്തലിന് ഉക്രെയ്ന് വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇതേച്ചൊല്ലി സെലൻസ്കിയും ട്രംപും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതോടെ ചർച്ചകൾ എങ്ങുമെത്താതെ അവസാനിച്ചു. യുഎസ് സൈനിക സഹായം നിർത്തലാക്കുന്നതോടെ യുദ്ധത്തിൽ ഉക്രെയ്ൻ പ്രതിരോധത്തിലാകും. ഉക്രെയ്നിനുള്ള സൈനിക ഉപകരണങ്ങളുടെ വിതരണം താൽക്കാലികമായി നിർത്താൻ ട്രംപ് നിർദേശം നൽകിയിട്ടുണ്ട്.