പത്രസമ്മേളനം വിളിച്ച് ബഹളം ഉണ്ടാക്കിയത് കോടതിയിൽനിന്നുള്ള ചോദ്യങ്ങളെ പേടിച്ച്, പെൺകുട്ടി പേരുപറയാൻ ഭയക്കുന്നതെന്തിന്- കെ മുരളീധരൻ

04:07 PM Aug 21, 2025 | Kavya Ramachandran

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ​ഗുരുതര ആരോപണങ്ങളിൽ പരോക്ഷ പിന്തുണയുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ആരോപണങ്ങൾ ഉന്നയിക്കേണ്ടത് പത്രസമ്മേളനത്തിൽ ആയിരുന്നില്ലെന്നും എന്തുകൊണ്ട് പെൺകുട്ടി പോലീസിൽ പരാതി നൽകിയില്ലെന്നും അദ്ദേഹം വിമർശിച്ചു.

'നിയമനടപടികളായിരുന്നു പെൺകുട്ടി സ്വീകരിക്കേണ്ടിയിരുന്നത്. എന്തുകൊണ്ട് പോലീസിൽ പരാതിപ്പെട്ടില്ല? പോലീസിൽ വിശ്വാസം ഇല്ലെങ്കിൽ കോടതിയെ സമീപിക്കാത്തത് എന്തുകൊണ്ട്? പത്രസമ്മേളനം വിളിച്ച് ബഹളം ഉണ്ടാക്കിയത് കോടതിയിൽനിന്നുള്ള ചോദ്യങ്ങളെ പേടിച്ചാണ്. മുമ്പ് ചില കേസുകളിൽ കോടതി ചോദിച്ചതുപോലെ ഇത്രയും കാലം എവിടെ ആയിരുന്നു എന്ന ചോദ്യം ഉണ്ടാകും. പേര് പറയാൻ ധൈര്യമില്ല, എന്തിനാണ് ഭയപ്പെടുന്നത്. നാലു കാലും തുമ്പിക്കൈയും കൊമ്പുമുള്ള ജീവി സിംഹവും കരടിയുമൊന്നുമല്ലെന്ന് എല്ലാവർക്കും അറിയാം', കെ. മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

'പെൺകുട്ടി പത്രസമ്മേളനം നടത്തിയ ഉടനെ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഓഫീസിലേക്ക് ബിജെപിയുടെ മാർച്ച്. ജനങ്ങൾ ദയനീയമായി പരാജയപ്പെടുത്തിയ വ്യക്തിയുടെ നേതൃത്വത്തിലാണ് മാർച്ച്. ഇതൊക്കെ തിരക്കഥയുടെ ഭാഗമാണെന്ന് ഞങ്ങൾക്കറിയാഞ്ഞിട്ടല്ല. പക്ഷെ പൊതുപ്രവർത്തകരുടെ പ്രവർത്തനങ്ങൾ സംശുദ്ധമായിരിക്കണം എന്ന ഒറ്റക്കാരണംകൊണ്ട് പാർട്ടി ഇക്കാര്യം ​ഗൗരവത്തിൽ ചിന്തിച്ച് നടപടി സ്വീകരിക്കും. ദേശീയ നേതൃത്വം വേണ്ട രീതിയിൽ നിർദേശം നൽകിയിട്ടുണ്ട്', അദ്ദേഹം കൂട്ടിച്ചേർത്തു.

രാഹുൽ നടത്തിയ ചാറ്റിന്റെ സ്ക്രീൻ ഷോട്ടും ശബ്ദസന്ദേശവും പുറത്തുവന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്; ഈ ഫീൽഡിൽ ഒട്ടും എക്സ്പീരിയൻസ് ഇല്ലാത്ത ആളാണ് ഞാൻ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അറിയാത്ത സബ്ജക്ട് പറഞ്ഞിട്ട് കാര്യമില്ല. ഇങ്ങനുള്ള വിഷയം ഞാൻ പഠിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവിനോട് പെൺകുട്ടി കാര്യങ്ങൾ ധരിപ്പിച്ചിരുന്നുവെന്നും കൃത്യമായ നടപടി ഉണ്ടായിട്ടില്ലെന്ന് പെൺകുട്ടി പറഞ്ഞിരുന്നുവെന്നും മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ, ഉദ്ദേശിച്ച രീതിയിൽ ഞങ്ങൾ പറഞ്ഞ നേതാക്കന്മാർ മുഖം തിരിച്ചു എന്ന് അവർക്ക് തോന്നിയാൽ അവർ കോടതിയിൽ സമീപിക്കണമായിരുന്നെന്നും കെ. മുരളീധരൻ മറുപടി പറഞ്ഞു.