
തിരുവനന്തപുരം: നിത്യോപയോഗസാധനങ്ങളുടെ വിലവര്‍ധന കണക്കിലെടുത്ത് സെക്രട്ടേറിയറ്റ് കാന്റീനിലെയും സെക്രട്ടേറിയറ്റ് വളപ്പിലെ ഇന്ത്യന്‍ കോഫിഹൗസിലെയും ഭക്ഷണസാധനങ്ങളുടെ വില ഉയര്‍ത്തി. കോഫിഹൗസുകളില്‍ നേരത്തേ വില ഉയര്‍ത്തിയിരുന്നെങ്കിലും സെക്രട്ടേറിയറ്റിനുള്ളിലെ ഇന്ത്യന്‍ കോഫിഹൗസില്‍ വില ഉയര്‍ത്തിയിരുന്നില്ല.
സെക്രട്ടേറിയറ്റ് കാന്റീനില്‍ സ്പെഷ്യല്‍ ചായയുടെ വില 11 രൂപയായാണ് വര്‍ധിപ്പിച്ചത്. സബ്സിഡി നിരക്കിലെ ഊണിന്റെ വിലയില്‍ അഞ്ചു രൂപയുടെ വര്‍ധന വരുത്തി. എല്ലാ ഭക്ഷണസാധനങ്ങളുടെയും വിലയില്‍ 20 മുതല്‍ 30 ശതമാനംവരെ വര്‍ധന ഉണ്ടായിട്ടുണ്ടെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യന്‍ കോഫിഹൗസില്‍ ജീവനക്കാര്‍ക്കു മാത്രമുള്ള സബ്സിഡി നിരക്കിലെ ഊണിന് 42 രൂപ നല്‍കണം. നിത്യോപയോഗസാധനങ്ങളായ പാല്, പച്ചക്കറി, ഗ്യാസ്, തേങ്ങ എന്നിവയുടെ വില ഉയര്‍ന്ന സാഹചര്യത്തിലാണ് വിലവര്‍ധന അനുവദിക്കുന്നതെന്നാണ് പൊതുഭരണവകുപ്പ് ഉത്തരവില്‍ പറയുന്നത്.
അതേസമയം സെക്രട്ടേറിയറ്റ് കാന്റീനിലെയും കോഫി ഹൗസിലെയും ഭക്ഷണസാധന വിലവര്‍ധനയില്‍ സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍ പ്രതിഷേധിച്ചു. സംസ്ഥാനത്തെ കുതിച്ചുയര്‍ന്ന നിത്യോപയോഗസാധന വിലവര്‍ധനയില്‍പ്പെട്ട് നട്ടംതിരിയുന്ന ജീവനക്കാര്‍ക്ക് ഇരുട്ടടിയാണ് സെക്രട്ടേറിയറ്റ് കാമ്പസിനകത്തെ വിലവര്‍ധനയെന്ന് കണ്‍വീനര്‍ എം.എസ്. ഇര്‍ഷാദ് പറഞ്ഞു.