മാമാങ്കം 135 കോടി പോസ്റ്ററിന് പിന്നിലെ കാരണം പറഞ്ഞ് നിർമ്മാതാവ്

08:27 PM Mar 08, 2025 | Kavya Ramachandran

 വിജയ ചിത്രങ്ങളുടെ നിര്‍മ്മാതാവാണ് ഇന്ന് വേണു കുന്നപ്പിള്ളി. എന്നാല്‍ നിര്‍മ്മാതാവ് എന്ന നിലയില്‍ അദ്ദേഹം ആദ്യമായി പ്രേക്ഷകശ്രദ്ധയിലേക്ക് എത്തുന്ന ചിത്രം 2019 ല്‍ പുറത്തെത്തിയ മമ്മൂട്ടി ചിത്രം മാമാങ്കമാണ്. തിയറ്ററുകളിലേക്ക് കാര്യമായി പ്രേക്ഷകരെ എത്തിക്കുന്നതില്‍ പരാജയപ്പെട്ട ചിത്രം ബോക്സ് ഓഫീസില്‍ വീഴുകയാണ് ഉണ്ടായത്. എന്നാല്‍ തിയറ്ററുകളിലുള്ള സമയത്ത് ചിത്രം 135 കോടി നേടിയതായി ഔദ്യോഗിക പോസ്റ്റര്‍ വന്നിരുന്നു. പില്‍ക്കാലത്ത് അത് പലപ്പോഴും സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയും ട്രോളുമൊക്കെ ആയിട്ടുണ്ട്. ഇപ്പോഴിതാ ആ പോസ്റ്റര്‍ ചെയ്യാനിടയായ സാഹചര്യം വ്യക്തമാക്കുകയാണ് നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി. ജിഞ്ചര്‍ മീഡിയ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന് നല്‍കിയ അഭിമുഖത്തിലാണ് വേണു കുന്നപ്പിള്ളിയുടെ പ്രതികരണം. 

മാമാങ്കത്തിന്‍റെ 135 കോടി പോസ്റ്ററിനെക്കുറിച്ചുള്ള ചോദ്യത്തിന് വേണു കുന്നപ്പിള്ളിയുടെ മറുപടി ഇങ്ങനെ- "സത്യം പറഞ്ഞാല്‍, ജീവിതത്തില്‍ പല കാലഘട്ടങ്ങളിലും പല മണ്ടത്തരങ്ങള്‍ പറ്റുമെന്ന് പറയില്ലേ. പല ആളുകളും എന്‍റെയടുത്ത് അന്ന് പറഞ്ഞത്, ഇത് ഇങ്ങനെയൊക്കെ ഇട്ടാലേ ജനങ്ങള്‍ കയറൂ എന്നായിരുന്നു. നീന്താനറിയാതെ വെള്ളത്തില്‍ ചാടിയിട്ട് മുങ്ങിപ്പോകുമ്പോള്‍ ആരെങ്കിലും ഒരു സാധനം ഇട്ടുതന്നിട്ട് പിടിക്കെടാ എന്ന് പറഞ്ഞാല്‍ നമ്മള്‍ കയറി പിടിക്കും. സിനിമ തിയറ്ററിലേക്ക് വന്ന് ആദ്യത്തെ രണ്ട്, മൂന്ന് ദിവസം ഭയങ്കര കളക്ഷന്‍ ആയിരുന്നു. പിന്നെ നേരെ താഴോട്ട് പൊയ്ക്കൊണ്ടിരിക്കുന്നു. അപ്പോഴാണ് നമുക്ക് അവിടെ ഒരു കേക്ക് മുറിച്ചാല്‍ എന്താണെന്ന് എന്നോട് ചോദിക്കുന്നത്. 135 കോടിയുടെ പോസ്റ്റര്‍ ഇറക്കിയാല്‍ എന്താണെന്നും. ആ സമയത്ത് ഈ മേഖലയില്‍ പരിചയമില്ലാത്ത ആളാണ് ഞാന്‍. എന്ത് വേണമെങ്കിലും ചെയ്യും. കേക്ക് കട്ടിംഗ് എറണാകുളത്ത് ഒരു വലിയ പരിപാടിയായി വെക്കാനും ചിലര്‍ പറഞ്ഞിരുന്നു. പക്ഷേ അതിന് ഞാന്‍ തയ്യാറായില്ല", വേണു കുന്നപ്പിള്ളി പറയുന്നു.

"അതൊക്കെ അന്ന് മാത്രമല്ലേ. പിന്നീട് പണികള്‍ എന്താണെന്ന് പഠിച്ചു. എന്താണ് സിനിമയെന്ന് മനസിലാക്കി. എന്താണ് ഡയറക്ടറെന്നും തിരക്കഥയെന്നും മനസിലാക്കി. ഡയറക്ടറുടെ കഴിവ് മാത്രമല്ല, സ്വഭാവവും നോക്കണമെന്ന് മനസിലാക്കി. അതിന് ശേഷം എന്‍റെ ഒരു സിനിമയെക്കുറിച്ചും ഇതുവരെ ഒരു വിവാദം ഉണ്ടായിട്ടില്ല", വേണു കുന്നപ്പിള്ളി പറഞ്ഞവസാനിപ്പിക്കുന്നു.