ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ ഏഴുവര്‍ഷത്തിനിടെ യുവാവ് പ്രൊപ്പോസ് ചെയ്തത് 43 തവണ. സാറ വിന്‍ട്രിപ്പ് എന്ന യുവതിയെയാണ് ലൂക്ക് വിന്‍ട്രിപ്പ് ഇത്രയേറെ തവണ പ്രൊപ്പോസ് ചെയ്തത്. 42 തവണയും വിവാഹാഭ്യര്‍ഥന നിരസിച്ച സാറ ഒടുവില്‍ 43-ാം തവണ സമ്മതം മൂളുകയായിരുന്നു. യുകെയിലാണ് സംഭവം.
ന്യൂയോര്‍ക്ക് പോസ്റ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം 2018 മുതല്‍ ലൂക്കിന് സാറയെ ഇഷ്ടമാണ്. അന്ന് മുതല്‍ ലൂക്ക് സാറയെ പ്രൊപ്പോസ് ചെയ്യാനും തുടങ്ങി. ഒടുവില്‍ കഴിഞ്ഞ മേയ് 17-ന് ഇരുവരും വിവാഹിതരായെന്ന വാര്‍ത്ത കേട്ടവരെല്ലാം ഇവരുടെ അസാധാരണമായ പ്രണയകഥ കേട്ട് ഞെട്ടി.
ഇരുവരും ഡേറ്റിങ്ങിലായിരുന്നു. ആദ്യമായി ലൂക്ക് പ്രൊപ്പോസ് ചെയ്തപ്പോള്‍ സാറ അത് നിരസിച്ചു. തൊട്ടുമുമ്പുണ്ടായ ബ്രേക്കപ്പാണ് മറ്റൊരു പ്രണയത്തില്‍ നിന്ന് സാറയെ പിന്തിരിപ്പിച്ചത്. മൂന്നുമക്കളുള്ളതും സാറയെ വിവാഹത്തില്‍ നിന്ന് പിന്തിരിപ്പിക്കാന് കാരണമായി.
'ഞാനിത് പ്രതീക്ഷിച്ചിരുന്നില്ല. ഞാന്‍ അവനെ സ്നേഹിച്ചു. ഒരിക്കല്‍ വേണ്ടെന്ന് വെച്ച ഒന്നും പിന്നീട് ഞാന്‍ വേണമെന്ന് ആഗ്രഹിച്ചിട്ടില്ല. കുട്ടികളുടെ കാര്യമായിരുന്നു എനിക്ക് പ്രധാനം. എന്നാല്‍ ലൂക്ക് എന്നോട് പറഞ്ഞു, 'കുഴപ്പമില്ല, പക്ഷേ ഞാന്‍ ഇത് നിന്നോട് വീണ്ടും വീണ്ടും ചോദിച്ചുകൊണ്ടേയിരിക്കും' എന്ന്.' -സാറ പറഞ്ഞു.
സാറയോട് പറഞ്ഞതുപോലെ ഏഴുവര്‍ഷമാണ് ലൂക്ക് നിരന്തരമായി വിവാഹാഭ്യര്‍ഥന നടത്തിയത്. ഒരു കോട്ടയൊന്നാകെ വാടകയ്ക്കെടുത്തും കാന്‍ഡില്‍ ലൈറ്റ് ഡിന്നറുകളൊരുക്കിയും ജമൈക്കയിലെ ബീച്ചില്‍ കുതിരപ്പുറത്തേറിയുമെല്ലാം വ്യത്യസ്തമായ പ്രൊപ്പോസലുകളാണ് ലൂക്ക് നടത്തിയത്.
ഒടുവില്‍ 42-ാമത്തെ പ്രൊപ്പോസലിനൊടുവില്, അടുത്ത തവണ താന്‍ സമ്മതം മൂളുമെന്ന് സാറ ലൂക്കിനോട് പറഞ്ഞു. പിന്നീട് ഒരുവര്‍ഷം കൂടെ കാത്തിരുന്നശേഷം ലൂക്ക് തെക്കുകിഴക്കന്‍ ലണ്ടനിലെ ഗ്രീനിച്ചിലേക്ക് കൊണ്ടുപോയാണ് സാറയെ 43-ാം തവണ പ്രൊപ്പോസ് ചെയ്തത്. സമയത്തിന്റെ കേന്ദ്രമായ റോയല്‍ ഒബ്സര്‍വേറ്ററി സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ഗ്രീനിച്ച്.
'അവിടെ വെച്ച് അവന് എന്നെ 43-ാം തവണ പ്രൊപ്പോസ് ചെയ്തു. 'ഇത് ലോകത്തിന്റെ കേന്ദ്രമാണ്. നീ എന്റെ ലോകത്തിന്റെ കേന്ദ്രവും. എനിക്ക് നിന്നെ വിവാഹം ചെയ്യണം' എന്നാണ് ലൂക്ക് എന്നോട് പറഞ്ഞത്. അങ്ങനെ ഒടുവില്‍ അവനെന്റെ ഹൃദയം കീഴടക്കി. അവന് ഗിന്നസ് ലോക റെക്കോര്‍ഡ് കൊടുക്കണമെന്നാണ് ഞാന്‍ കരുതുന്നത്.' -സാറ പറഞ്ഞു.