
കോഴിക്കോട്: പിഴവുകൾ ആവർത്തിച്ച് പിഎസ്‌സി പരീക്ഷാചോദ്യങ്ങൾ. അഞ്ചുമുതൽ പത്തുവരെ ചോദ്യങ്ങളാണ് ഓരോ പരീക്ഷയ്ക്കും തെറ്റായി വരുന്നത്. ഇതിനുപുറമേ ആശയക്കുഴപ്പമുണ്ടാക്കുന്ന ചോദ്യങ്ങളും ആവർത്തിക്കുന്നുണ്ട്.
കഴിഞ്ഞ ആഴ്ച നടന്ന ഹൈസ്കൂൾ അസിസ്റ്റൻറ് കണക്ക് പരീക്ഷയിൽ ആറുചോദ്യങ്ങൾ തെറ്റായിരുന്നു. പതിനൊന്നു ചോദ്യങ്ങളുടെ ഓപ്ഷനുകളിൽ ആശയക്കുഴപ്പമുണ്ട്. മൂന്നുചോദ്യങ്ങളുടെ ഓപ്ഷനുകളിൽ ഒന്നിലധികം ശരിയായ ഉത്തരങ്ങളും കൊടുത്തിരിക്കുന്നു. ഇതിനുപുറമേ അക്ഷരത്തെറ്റുകൾ വേറെയും. ഒരു ചോദ്യത്തിൽ കോപ്ലാനർ എന്നതിന് പകരം കൊല്ലനാർ എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. കണക്കിൽ അങ്ങനെ ഒരു പദമില്ല. കൊളീനിയറാണോ, കോപ്ലാനറാണോ എന്നറിയാതെ ആശയക്കുഴപ്പത്തിലായെന്ന് വിദ്യാർഥികൾ പറയുന്നു.
എച്ച്എസ്എ മലയാളം മീഡിയത്തിലേക്കായിരുന്നു പരീക്ഷ നടത്തിയത്. സിലബസും മലയാളമായിരുന്നു. പക്ഷേ, പല ചോദ്യങ്ങളും ഇംഗ്ലീഷിലായിരുന്നു. ഇംഗ്ലീഷും മലയാളവും കൂട്ടിക്കലർത്തി മംഗ്ലീഷിലും ചോദ്യങ്ങളുണ്ടായി. പരീക്ഷയ്ക്കുപിന്നാലെ പിഎസ്‌സി ഇറക്കിയ താത്കാലിക ഉത്തരസൂചികയിൽ നാലെണ്ണത്തിലും തെറ്റുണ്ട്.
ചോദ്യങ്ങളിൽ ആശയക്കുഴപ്പമോ, തെറ്റുകളോ വരുമ്പോൾ ഉദ്യോഗാർഥികൾ ചലഞ്ച് ചെയ്താൽ പിഎസ്‌സി ചോദ്യംതന്നെ ഡിലീറ്റ് ചെയ്യാറാണ് പതിവ്. ഒന്നിലധികം ശരിയുത്തരങ്ങൾ നൽകുമ്പോൾ പിഎസ്‌സി തീരുമാനിക്കുന്നതായിരിക്കും ‘ശരി ഉത്തരം’. അപ്പോൾ വിദ്യാർഥികൾ ചലഞ്ച് ചെയ്യും. പിഎസ്‌സി ചോദ്യം ഡിലീറ്റ് ചെയ്യും. ശരിയായ ചോദ്യങ്ങൾ രേഖപ്പെടുത്തിയവർക്കുപോലും മാർക്ക് നഷ്ടപ്പെടും. 33 മാർക്ക് വരെ റാങ്ക് നിശ്ചയിക്കുന്നതിൽ നിർണായകമാണ്. ശരിയായ രേഖപ്പെടുത്തിയ ചോദ്യങ്ങളും പിഎസ്‌സിയുടെ പിഴവിന്റെ ഭാഗമായി ഡിലീറ്റ് ചെയ്യപ്പെടുമ്പോൾ ഉദ്യോഗാർഥികളുടെ അവസരമാണ് നഷ്ടമാകുന്നത്.
കുറച്ചുവർഷങ്ങളായി ചോദ്യങ്ങളിൽ തെറ്റ് ആവർത്തിക്കുന്നുണ്ട്. 2022-ലെ ഹയർ സെക്കൻഡറി അസിസ്റ്റന്റ് പരീക്ഷയിൽ 13 ചോദ്യങ്ങളാണ് പിഴവ് കാരണം പിഎസ്‌സി ഒഴിവാക്കിയത്.
കഴിഞ്ഞവർഷം നവംബർ 29-ന് നടന്ന സയൻറിഫിക് ഓഫീസർ ഫൊറൻസിക് ലബോറട്ടറി പരീക്ഷയിൽ 12 ചോദ്യങ്ങൾ ഡിലീറ്റ് ചെയ്തു. എൽഡി ക്ലാർക്ക് പരീക്ഷയിലും ഒൻപത് ചോദ്യങ്ങൾ ഒഴിവാക്കി. ചോദ്യപ്പേപ്പർ തയ്യാറാക്കുന്ന ഘട്ടത്തിൽ വരുന്ന വീഴ്ചകളാണ് ഇതിനു കാരണം.
വിദഗ്ധരാണ് ചോദ്യങ്ങൾ തയ്യാറാക്കുന്നത് എന്നാണ് പിഎസ്‌സി അധികൃതർ പറയുന്നത് എല്ലാ പിഎസ്‌സി പരീക്ഷകളിലും ഇത്തരം വീഴ്ചകൾ ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇത് പലപ്പോഴും ആത്മവിശ്വാസത്തെ ബാധിക്കുന്നതായി ഉദ്യോഗാർഥികൾ പറയുന്നു.