ബോക്സ് ഓഫീസിൽ മികച്ച പ്രകടനവുമായി മുന്നോട്ടു പോവുകയാണ് മോഹൻലാൽ ചിത്രം തുടരും. മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത സിനിമയ്ക്ക് റിലീസ് ദിവസം മുതലേ പോസിറ്റീവ് പ്രതികരണമായിരുന്നു ലഭിച്ചത്. ഒരു ടാക്‌സി ഡ്രൈവറുടെ വേഷത്തിൽ മോഹൻലാൽ എത്തിയ സിനിമ മികച്ച അഭിനയ മുഹൂർത്തങ്ങൾക്കൊപ്പം ത്രില്ലിങ്ങായ സ്റ്റോറി ടെല്ലിങ്ങും പ്രേക്ഷകർക്കായി സമ്മാനിച്ചിരുന്നു. ഇപ്പോഴിതാ ഷോകളുടെ എണ്ണത്തിലും തുടരും മുൻപന്തിയിൽ എത്തിയെന്ന റിപ്പോർട്ട് ആണ് പുറത്തുവരുന്നത്.
ചിത്രത്തിന്റെ കേരളത്തിലെ ഷോ കൗണ്ട് 45000 കടന്നു എന്നാണ് പുതിയ വിവരം. പുലിമുരുകൻ നേടിയ 41000 ഷോയുടെ റെക്കോർഡ് ആണ് തുടരും മറികടന്നത്. റിലീസ് ചെയ്ത് ആഴ്ചകൾ കഴിയുമ്പോൾ കേരളത്തിൽ നിന്ന് മാത്രം ചിത്രം 115 കോടിയാണ് ഇതുവരെ നേടിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ആഗോള ബോക്സ് ഓഫീസിൽ നിന്ന് 231.33 കോടി ഗ്രോസ് ആണ് തുടരും സ്വന്തമാക്കിയിരിക്കുന്നത്. 28 ദിവസങ്ങൾക്ക് ശേഷവും ഹൗസ്ഫുൾ ഷോസുമായാണ് മോഹൻലാൽ ചിത്രം മുന്നേറുന്നത്.