മോസ്‌കോ : മൂന്ന് വര്‍ഷം പിന്നിട്ട റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ വെടിനിര്‍ത്തലിന് വഴിയൊരുങ്ങുന്നു. അമേരിക്ക അവതരിപ്പിച്ച 30 ദിവസത്തെ താത്കാലിക വെടിനിര്‍ത്തല്‍ കരാറിന് തയ്യാറെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ വ്യക്തമാക്കി.
സമാധാനം നിലനിര്‍ത്തണമെന്നും പുടിന്‍ ആവശ്യപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫുമായി മോസ്‌കോയില്‍ നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം.
വെടിനിര്‍ത്തല്‍ അംഗീകരിച്ചില്ലെങ്കില്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ട്രംപ് റഷ്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. നേരത്തെ ജിദ്ദയില്‍ അമേരിക്ക-യുക്രെയ്ന്‍ ഉദ്യോഗസ്ഥ തല ചര്‍ച്ചയില്‍ 30 ദിവസത്തെ വെടിനിര്‍ത്തല്‍ യുക്രെയ്ന്‍ അംഗീകരിച്ചിരുന്നു.
”ശത്രുത അവസാനിപ്പിക്കുന്നതിനുള്ള വെടിനിര്‍ത്തല്‍ നിര്‍ദ്ദേശത്തോട് ഞങ്ങള്‍ യോജിക്കുന്നു, പക്ഷേ ഈ വെടിനിര്‍ത്തല്‍ ശാശ്വത സമാധാനത്തിലേക്ക് നയിക്കണമെന്നും ഈ പ്രതിസന്ധിയുടെ മൂലകാരണങ്ങള്‍ ഇല്ലാതാക്കണമെന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നു,” ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുകാഷെങ്കോയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ക്രെംലിനില്‍ മാധ്യമപ്രവര്‍ത്തകരോട് പുടിന്‍ പറഞ്ഞു.