കോഴിക്കോട്: എല്‍ഡിഎഫ് എംഎല്‍എ ആയിരുന്ന പിവി അന്‍വര്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തുന്ന രാഷ്ട്രീയ നാടകം തുടരുകയാണ്. ഭീഷണിയും മുന്നറിയിപ്പുമായൊക്കെ പിടിച്ചുനിന്നശേഷം അപേക്ഷയുടെ സ്വരത്തിലേക്ക് മാറിയിട്ടും അന്‍വറിനെ യുഡിഎഫ് അടുപ്പിക്കുന്നില്ല.
എല്‍ഡിഎഫ് എംഎല്‍എ ആയിരുന്നപ്പോള്‍ രാജാവിനെപ്പോലെ വിലസിയിരുന്ന അന്‍വറാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ ദയയ്ക്കുവേണ്ടി കാത്തിരിക്കുന്നതെന്ന് സോഷ്യല്‍ മീഡിയ പരിഹസിക്കുന്നു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തിലും രാഷ്ട്രീയ അഭയത്തിനുവേണ്ടിയുള്ള അന്‍വറിന്റെ അപേക്ഷ വ്യക്തമാണ്.
ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന ഉപതെരഞ്ഞെടുപ്പുകളിലും യുഡിഎഫ് അന്‍വറിനെ അകറ്റിനിര്‍ത്തിയിരുന്നു. മത്സരിക്കുമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടും യുഡിഎഫ് അത് മുഖവിലക്കെടുത്തില്ല. ചേലക്കരയില്‍ മത്സരിക്കാനിറങ്ങിയ അന്‍വറിന്റെ സ്ഥാനാര്‍ത്ഥിക്ക് കിട്ടിയതാവട്ടെ കേവലം 3,920 വോട്ടുകള്‍ മാത്രമാണ്.
നിലമ്പൂരിലെത്തുമ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പമാണ് അന്‍വര്‍. എന്നാല്‍, ഒറ്റയ്ക്ക് മത്സരിച്ചാല്‍ ചേലക്കരയിലെ അവസ്ഥയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകനായ സിപി റാഷിദിന്റെ വിലയിരുത്തല്‍. ഇത് മുന്‍കൂട്ടി കണ്ടുകൊണ്ടാണ് യുഡിഎഫിനൊപ്പം ചേരാന്‍ അദ്ദേഹം കേണപേക്ഷിക്കുന്നതും.
നിലമ്പൂരില്‍ ഒറ്റയ്ക്ക് മത്സരിക്കുകയാണെങ്കില്‍ അന്‍വറിന്റെ രാഷ്ട്രീയ കരുത്ത് എത്രമാത്രമാണെന്നത് വെളിപ്പെടും. ഇത് ഭാവിയില്‍ വിലപേശാനുള്ള അവസരം നഷ്ടപ്പെടുത്തുകയും ചെയ്യും. അതുകൊണ്ടുതന്നെ യുഡിഎഫിനെ ഉപാധികളില്ലാതെ പിന്തുണയ്ക്കുക മാത്രമാണ് അന്‍വറിന് മുന്നിലുള്ള ഏകവഴി.
വിഎസ് ജോയിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്നായിരുന്നു നേരത്തെ അന്‍വറിന്റെ ആവശ്യം. ഇത് കോണ്‍ഗ്രസ് തള്ളിക്കളയുകയും അന്‍വറിന്റെ എതിരാളി ആര്യാടന് ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കുകയും ചെയ്തു. ഇതോടെ യുഡിഎഫിലെടുക്കണമെന്നായി ആവശ്യം. ഇതും തള്ളിക്കളഞ്ഞതോടെ കെസി വേണുഗോപാലുമായി ചര്‍ച്ച നടത്തി നോക്കാനാണ് തീരുമാനം.
കേരള രാഷ്ട്രീയത്തില്‍ പിവി അന്‍വറിന് നിലനില്ക്കണമെങ്കില് ഇനി യുഡിഎഫിന്റെ സഹായമില്ലാതെ പറ്റില്ല. എന്നാല്‍, ഉപാധികള്‍ മുന്നോട്ടുവെച്ച് തന്റെ ആവശ്യങ്ങള്‍ നടപ്പാക്കണമെന്ന് ഭീഷണിപ്പെടുത്തിയാല്‍ അദ്ദേഹത്തിന് യുഡിഎഫിലെത്താന്‍ കഴിയില്ല. യുഡിഎഫിന് പൂര്‍ണമായും കീഴടങ്ങുന്ന സമീപനമാകും ഇനി അന്‍വര്‍ കൈക്കൊള്ളുക എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം. അതല്ലെങ്കില്‍ തത്കാലത്തേക്കെങ്കിലും അന്‍വറിന് കേരള രാഷ്ട്രീയത്തില്‍ നിലനില്‍പ്പുണ്ടാകില്ല.