പി.വി. അൻവർ എം.എൽ.എ സ്ഥാനം രാജിവെച്ചു

10:04 AM Jan 13, 2025 | Neha Nair

തിരുവനന്തപുരം: പി.വി. അൻവർ നിലമ്പൂർ എം.എൽ.എ സ്ഥാനം രാജിവെച്ചു​. രാജിവെച്ച് ​തെരഞ്ഞെടുപ്പിനെ നേരിടാൻ തൃണമൂൽ കോൺഗ്രസ് നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് രാജി. സി.പി.എമ്മിനോടും മുഖ്യമന്ത്രി പിണറായി വിജയനോടും തുറന്ന പോരിനിറങ്ങിയ അൻവർ എം.എൽ.എ സ്ഥാനം രാജി വെക്കുമെന്ന് ഇന്നലെ രാത്രി മുതൽ സൂചനകളുണ്ടായിരുന്നു.

ഇന്ന് രാവിലെ സ്പീക്കറെ കാണാൻ പോകുന്ന വേളയിൽ എം.എൽ.എ എന്ന ബോർഡ് അഴിച്ചുമാറ്റിയ കാറിലാണ് യാത്ര ചെയ്തത്. കഴിഞ്ഞ ദിവസമാണ് അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. സ്വതന്ത്ര എം.എൽ.എ ആയ അൻവർ മറ്റൊരു പാർട്ടിയിൽ ചേർന്നാൽ അയോഗ്യനാകും. അത് മറികടക്കാനും നിലമ്പൂരിൽ വീണ്ടും മത്സരിച്ച് ശക്തി തെളിയിക്കാനുമാണ് അൻവറിന്റെ നീക്കമെന്നാണ് അറിയുന്നത്.

അൻവറിനെ മുന്നണിയിൽ ഉൾപ്പെടുത്തുന്നതിൽ യു.ഡി.എഫ് തീരുമാനം എടുത്തിരുന്നില്ല. അൻവറിന് മുൻപിൽ യു.ഡി.എഫ് വാതിൽ തുറക്കുകയോ അടക്കുകയോ ചെയ്തിട്ടില്ലെന്നാണ് ഇന്നലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീ​ശൻ പറഞ്ഞത്. അൻവർ വീണ്ടും മത്സരിച്ചാൽ അത് യു.ഡി.എഫിനു മേൽ സമ്മർദം കൂട്ടും. തൃണമൂലിൽ ചേരാൻ എം.എൽ.എ സ്ഥാനം തടസമാണ്. ഈ സാഹചര്യത്തിൽ അയോഗ്യത മറി കടക്കാനാണ് എം.എൽ.എ സ്ഥാനം രാജിവയ്ക്കുന്നതിലേക്ക് നയിച്ചത്.