ന്യൂജേഴ്‌സി: ഖത്തറിന്റെ കാര്യത്തിൽ ഇടപെടുമ്പോൾ കൂടുതൽ ശ്രദ്ധാലുവായിരിക്കണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനോട് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ന്യൂജേഴ്‌സിയിലെ മോറിസ്‌ടൗൺ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസം ഖത്തറിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രതികരണം. ഹമാസ് നേതാക്കൾ താമസിച്ച കെട്ടിടത്തിന് നേരെ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ ഖത്തർ സുരക്ഷാ ഉദ്യോഗസ്ഥൻ ഉൾപ്പെടെ ആറുപേർ കൊല്ലപ്പെട്ടിരുന്നു.
‘ദോഹ ആക്രമണത്തെ കുറിച്ച് നെതന്യാഹുവിനോട് എന്തെങ്കിലും പറയാനുണ്ടോ’ എന്ന് മാധ്യമപ്രവർത്തകൻ ട്രംപിനോട് ചോദിച്ചപ്പോൾ ‘വളരെ വളരെ ശ്രദ്ധാലുവായിരിക്കണം എന്നതാണ് എന്റെ സന്ദേശം. അവർ ഹമാസിനെതിരെ ചെയ്യട്ടെ, പക്ഷേ ഖത്തർ അമേരിക്കയുടെ മഹത്തായ സഖ്യകക്ഷിയാണ്’ -എന്നായിരുന്നു മറുപടി.