സൈക്കിള്‍ യാത്രകള്‍ അപകടരഹിതമാക്കുന്നതിനും റോഡുകളില്‍ സുരക്ഷ ഉറപ്പാക്കുന്നതിനും സുരക്ഷാ കാമ്പയിനുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. സൈക്കിള്‍ യാത്രക്കാര്‍ രാജ്യത്തെ ഗതാഗതനിയമങ്ങളും സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളും കൃത്യമായി പാലിക്കണമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതുസുരക്ഷാ കാമ്പയിനിന്റെ ഭാഗമായാണ് മുന്നറിയിപ്പ്. സുരക്ഷിത സൈക്കിള്‍ യാത്രയ്ക്കായി മന്ത്രാലയം ചില നിര്‍ദേശങ്ങളും മുന്നോട്ടുവെച്ചു.
സൈക്കിള്‍ യാത്രികര്‍ നിശ്ചിത സൈക്കിള്‍ പാതകള്‍ ഉപയോഗിക്കുകയും റോഡിന്റെ വലതുവശം ചേര്‍ന്ന് മാത്രം സഞ്ചരിക്കുകയും വേണം. കൂടാതെ, ഹെല്‍മറ്റും റിഫ്‌ളക്ടീവ് വെസ്റ്റും ധരിക്കണം. അപകടസമയത്ത് തലക്കേല്‍ക്കുന്ന പരിക്കിന്റെ ആഘാതം കുറയ്ക്കാനും, രാത്രിയിലും പകലിലും സൈക്കിള്‍ യാത്രികരെ വ്യക്തമായി തിരിച്ചറിയാനും ഇത് സഹായിക്കും. പ്രകാശം കുറവുള്ള സമയങ്ങളില്‍ സൈക്കിളിന്റെ മുന്നിലും പിന്നിലും ലൈറ്റുകള്‍ ഘടിപ്പിക്കണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു. നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.