അഞ്ചരക്കണ്ടി : ചക്കരക്കൽ - അഞ്ചരകണ്ടി റോഡിലെ കാവിൻ മൂലയ്ക്കടുത്തെ വളവിൽ പീടിക യാത്രക്കാർക്ക് അപകട കുരുക്കൊരുക്കുന്നു. ഒരു വർഷത്തിനിടെയിൽ രണ്ട് ബൈക്ക് യാത്രക്കാർക്കാണ് ഇവിടെ നടന്ന അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത്. ഇതിന് തൊട്ടടുത്തെ നാലാംപീടികയിലും സ്കൂട്ടർ യാത്രക്കാരനായ 20 വയസുകാരൻ റോഡിൽ തെന്നി വീണു മരിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രി വളവിൽ പീടികയിലെ വളവിൽ റോഡരികിലുള്ള തണൽ മരത്തിലിടിച്ച് ഇലക്ട്രീഷ്യനായ പ്രബിനാ (38) ണ് ദാരുണമായി മരിച്ചത്.
ചക്കരക്കല്ലിൽ ഒരു മീറ്റിങിൽ പങ്കെടുത്ത് രാത്രി വീട്ടിലേക്ക് പോകും വഴിയാണ് അപകടം. നാട്ടുകാർ ഉടൻ അഞ്ചരകണ്ടി മെഡിക്കൽ കോളേജാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല ഒരു വർഷം മുൻപ് കാപ്പാട് തിലാന്നൂർ സ്വദേശിയായ യുവാവും ഇതിന് തൊട്ടടുത്തു വെച്ചു ബൈക്ക് അപകടത്തിൽ മരിച്ചിരുന്നു.
രണ്ട് കൊടുവളവുകളാണ് വളവിൽ പീടികയിൽ യാത്രക്കാർക്ക് അപകടക്കെണിയൊരുക്കുന്നത്. അപകടം നടന്നതിന് ശേഷം ചക്കരക്കൽ പൊലിസ് മരത്തിൽ അപായ ചിഹ്നമുള്ള ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ റോഡ് നിർമ്മാണത്തിലെ അപാകതയും വാഹനങ്ങളുടെ മരണപാച്ചിലുമാണ് തുടർച്ചയായുള്ള അപകടങ്ങൾക്ക് കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നു.