ചോദ്യപേപ്പര്‍ ചോര്‍ച്ച: എം എസ് സൊല്യൂഷന്‍സ് മേധാവി ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യ അപേക്ഷ കോടതി ഇന്ന് വീണ്ടും പരിഗണിക്കും

08:40 AM Jan 03, 2025 | Suchithra Sivadas

ക്രിസ്മസ് പത്താംക്ലാസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ യൂട്യൂബ് ചാനല്‍ എം എസ് സൊല്യൂഷന്‍സിന്റെ സിഇഒ മുഹമ്മദ് ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യ അപേക്ഷ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോര്‍ട്ട് രണ്ടാണ് മുന്‍കൂര്‍ ജാമ്യ അപേക്ഷ പരിഗണിക്കുന്നത്. കഴിഞ്ഞതവണ അപേക്ഷ പരിഗണിക്കുന്നതിനിടയില്‍ ഗൂഢാലോചന കുറ്റം ചുമത്തിയതുമായി ബന്ധപ്പെട്ട് അധിക റിപ്പോര്‍ട്ട് കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടിരുന്നു.


ഗൂഢാലോചന, വിശ്വാസവഞ്ചന, ചതി തുടങ്ങി ഷുഹൈബിനെതിരെ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. ക്രൈംബ്രാഞ്ച് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ഷുഹൈബും രണ്ട് അധ്യാപകരും ഇതുവരെ ഹാജരാകാന്‍ തയ്യാറായിട്ടില്ല.

പ്ലസ് വണ്‍ കണക്ക് പരീക്ഷയുടെയും എസ്എസ്എല്‍സി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യങ്ങള്‍ എം എസ് സൊല്യൂഷന്‍സിലൂടെ ചോര്‍ന്നിരുന്നു. പതിനായിരത്തിലധികം ആളുകള്‍ ഈ വീഡിയോ കണ്ടിരുന്നു. പരീക്ഷയുടെ ചോദ്യങ്ങള്‍ അതേപടിയായിരുന്നു യൂട്യൂബ് ചാനലില്‍ വന്നത്. തുടര്‍ന്ന് എംഎസ് സൊല്യൂഷന്‍സിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിരുന്നു.