തിരുവല്ല : 86-ാം വയസ്സിൽ രണ്ടുപേർക്ക് കാഴ്ചയേകി രാധമ്മ വിട പറഞ്ഞു. പാലിയേക്കര വടക്ക് ചൂരക്കുന്നത്ത് വീട്ടിൽ പരേതനായ രാഘവൻ പിള്ളയുടെ ഭാര്യ ടി. രാധമ്മ ( ചേരിയിൽ കുടുംബാംഗം ) യുടെ കണ്ണുകളാണ് ദാനം ചെയ്തത്. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെയാണ് രാധമ്മ മരിച്ചത്.
തുടർന്ന് ബന്ധുക്കൾ നേത്രദാനത്തിന് സന്നദ്ധത അറിയിച്ചതോടെ സന്നദ്ധ സംഘടനയായ സക്ഷമയുടെ നേതൃത്വത്തില്‍ നടപടികൾ വേഗത്തിലാക്കി. കോട്ടയം മെഡിക്കൽ കോളേജ്, ചൈതന്യ നേത്ര ചികിത്സാലയം എന്നിവിടങ്ങളിൽ നിന്നും നേത്ര വിഭാഗം ഡോക്ടര്‍മാർ എത്തി നേത്രപടലം സ്വീകരിച്ചു. അനുയോജ്യരായ രണ്ട് പേർക്ക് ഇവ ദാനം ചെയ്യുമെന്ന് അധികൃതർ പറഞ്ഞു. മക്കൾ : സി ആർ മുരളീധരൻ പിള്ള, സി.ആര്‍.അംബികദേവി, സി.ആര്‍.ശശിധരന്‍ നായര്‍, സി.ആര്‍. ശാന്തി. മരുമക്കൾ : ശ്രീകുമാരി,വിജയാനന്ദൻ (പരേതൻ) , മഞ്ജു, മോഹനൻ. സംസ്കാരം (ഇന്ന്) വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ നടക്കും.