റഹീം കേസ്​ 12-ാം തവണയും മാറ്റിവെച്ചു ; കേസ്​ ഡയറി പരിശോധിക്കാൻ കൂടുതൽ സമയം വേണമെന്ന് കോടതി

01:55 PM May 05, 2025 |


റിയാദ്: കേസ്​ ഡയറി വീണ്ടും പരിശോധിക്കാൻ​ കൂടുതൽ സമയം ആവശ്യപ്പെട്ട് റിയാദ്​ ക്രിമിനൽ കോടതി റഹീം കേസ്​ 12-ാം തവണയും മാറ്റിവെച്ചു. സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 19 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത്​ അബ്​ദുൽ റഹീമി​​െൻറ മോചനകാര്യത്തിലുള്ള തീരുമാനം ഇനിയും നീളും. തിങ്കളാഴ്​ച രാവിലെ​ 10ന്​ സിറ്റിങ് ആരംഭിച്ച്​ ഒരു മണിക്കൂറിന്​ ശേഷം കേസ്​ മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുകയാണെന്ന്​ കോടതി അറിയിക്കുകയായിരുന്നു.

പതിവുപോലെ ജയിലിൽനിന്ന്​ അബ്​ദുൽ റഹീമും പ്രതിഭാഗം അഭിഭാഷകരും റഹീം കുടംബത്തിെൻറ ഔദ്യോഗിക പ്രതിനിധി സിദ്ദിഖ് തുവ്വൂരും ഓൺലൈൻ കോടതിയിൽ പ​ങ്കെടുത്തു. അടുത്ത സിറ്റിങ്​ തീയതി കോടതി പിന്നീട്​ അറിയിക്കും. ദിയാധനം സ്വീകരിച്ച്​ വാദിഭാഗം മാപ്പ്​ നൽകിയതോടെ വധശിക്ഷ കോടതി ഒമ്പത്​​ മാസം മുമ്പ്​ ഒഴിവാക്കിയിരുന്നു. എന്നാൽ പബ്ലിക്​ റൈറ്റ്​ പ്രകാരമുള്ള കേസിൽ തീർപ്പാവാത്തതാണ്​ ജയിൽ മോചനം അനന്തമായി നീളാൻ ഇടയാക്കുന്നത്​​.

റിയാദിലെ ഇസ്​കാൻ ജയിലിൽ കഴിയുന്ന റഹീമി​െൻറ തടവുകാലം 19ാം വർഷമായി​. കേസി​െൻറ ആദ്യകാലം മുതലുള്ള ഒറിജിനൽ കേസ്​ ഡയറി ഗവർണറേറ്റിൽനിന്ന്​ തിരികെ വളിച്ച്​ പുനഃപരിശോധനക്ക്​ വിധേയമാക്കുന്നത്​ കൊണ്ടാണ്​ മോചനകാര്യത്തിലെ തീരുമാനം നീളുന്നത്​. ഒൗദ്യോഗിക ചാനലുകളിലൂടെ ഫയൽ കോടതിയിലെത്താൻ സ്വാഭാവിക കാലതാമസം നേരിട്ടിരുന്നു.

പബ്ലിക്​ റൈറ്റ്​ പ്രകാരമുള്ള കേസിൽ സാധാരണ തടവുശിക്ഷയാണ്​ വിധിക്കുക. 19 വർഷമായി തടവിലായതിനാൽ ഇനി തടവുശിക്ഷ വിധിച്ചാലും അതുവരെ അനുഭവിച്ച തടവുകാലം ശിക്ഷയായി പരിഗണിച്ച്​ മോചനം നൽകാനാണ്​ സാധ്യത. എന്തായാലും കോടതിയുടെ അന്തിമവിധിതീർപ്പിനാണ്​ അബ്​ദുൽ റഹീമി​െൻറയും ലോകമലയാളികളുടെയും കാത്തിരിപ്പ്​.

ഒന്നര കോടി സൗദി റിയാൽ (34 കോടിയിലേറെ ഇന്ത്യൻ രൂപ) ആണ്​ ലോകവ്യാപകമായി മലയാളികൾ ചേർന്ന്​ പിരിച്ച്​ നൽകിയത്​. അങ്ങനെ സമാഹരിച്ച പണമാണ്​ മരിച്ച സൗദി ബാല​െൻറ കുടുംബത്തിന് ദിയാധനമായി നൽകിയത്​. അതിനെ തുടർന്ന്​ അവർ മാപ്പ്​ നൽകുകയും കോടതി വധശിക്ഷ റദ്ദാക്കുകയും ചെയ്തു. ഇത്​ പ്രൈവറ്റ്​ റൈറ്റ്​ പ്രകാരമുള്ള കേസിലുള്ള തീർപ്പ്​​ മാത്രമായിരുന്നു​. പബ്ലിക്​ റൈറ്റ്​ പ്രകാരമുള്ള വിധിതീർപ്പിന്​ കോടതിയിൽ ആദ്യം മുതൽ തുടങ്ങേണ്ടതുണ്ടായിരുന്നു. അതിനായുള്ള ആദ്യ സിറ്റിങ് കഴിഞ്ഞ വർഷം ഒക്​ടോബർ 21നാണ്​ നടന്നത്​.

എന്നാൽ ബെഞ്ച്​ മാറിയെന്നും വധശിക്ഷ ഒഴിവാക്കിയ ബെഞ്ച്​ തന്നെയാണ്​ മോചന കാര്യത്തിലും തീരുമാനമെടുക്കേണ്ടതെന്നും​ അറിയിച്ച്​​ കോടതി കേസ്​ മാറ്റിവെച്ചു. അതിന്​ ശേഷം എല്ലാ മാസവും (ചില മാസങ്ങളിൽ രണ്ട്​ തവണ) കോടതി കേസ്​ പരിഗണിക്കുന്നുണ്ടെങ്കിലും തീർപ്പിലെത്തുന്നില്ല. 2006 ന​വം​ബ​റി​ലാ​ണ് സൗ​ദി ബാ​ലൻ അനസ്​ അൽ ഫായിസി​െൻറ കൊ​ല​പാ​ത​ക​ക്കേ​സി​ൽ അ​ബ്​​ദു​ൽ റ​ഹീം അ​റസ്​റ്റിലാകുന്നത്​. 2012ലാണ്​ വ​ധ​ശി​ക്ഷ വി​ധിച്ചത്​. ഹൗസ്​ ഡ്രൈവർ വിസയിലെത്തി മൂന്നാം മാസത്തിലാണ്​ യുവാവി​െൻറ ജീവിതമാകെ കീഴ്​മേൽ മറിച്ച സംഭവമുണ്ടായത്​.